ലണ്ടൻ : ഇന്ത്യൻ വിദ്യാർഥിയെ യുകെയിൽ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ചർക്കി ദാദ്രി സ്വദേശിയായ വിജയ് കുമാർ ഷെറോൺ (30) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ഇംഗ്ലണ്ടിലെ വോർസെസ്റ്ററിൽ വെച്ചായിരുന്നു സംഭവം. സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിലെ ജോലി രാജിവെച്ച് ഉപരി പഠനത്തിന് യുകെയിൽ എത്തിയായിരുന്നു വിദ്യാർഥി.
ബാർബോൺ റോഡിൽ ഗുരുതരമായ പരിക്കുകളോടെയാണ് വിജയ് കുമാറിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് പങ്കുവച്ചിട്ടില്ല.
മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷന്റെ സഹായം തേടി കുടുംബം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ അടിയന്തര സഹായം അഭ്യർഥിച്ച് കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.