ന്യൂഡല്‍ഹി: നിരവധി ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ ഇന്‍ഡിഗോയ്ക്ക് ആശ്വാസമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിന്‍വലിച്ചു. വിമാന ജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്ന നിര്‍ദേശമാണ് ഡിജിസിഎ പിന്‍വലിച്ചത്.
ഇതേ തുടര്‍ന്ന് പൈലറ്റുമാര്‍ അവധിയെടുത്താല്‍ കമ്പനികള്‍ക്ക് ഇത് ഡിജിസിഎ നിശ്ചയിച്ചിരിക്കുന്ന നിര്‍ബന്ധിത പ്രതിവാര വിശ്രമത്തിന്റെ പരിധിയില്‍ കാണാം. നവംബര്‍ ഒന്നു മുതല്‍ നടപ്പാക്കിയ പൈലറ്റ് ഡ്യൂട്ടി ചട്ടമാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ക്ക് തിരിച്ചടിയായത്. ഈ ചട്ടത്തില്‍ ഇന്‍ഡിഗോ ഇളവ് ആവശ്യപ്പെട്ടിരുന്നു.
പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമ സമയം 36 മണിക്കൂറായിരുന്നത് 48 മണിക്കൂറായി വര്‍ധിപ്പിച്ചു. ഒപ്പം രാത്രി ലാന്‍ഡിങ് ആറ് എണ്ണമായിരുന്നത് രണ്ടായി കുറയ്ക്കുകയും ചെയ്തു. പൈലറ്റുമാരുടെ ഷെഡ്യൂളിങിനെ ഇത് കാര്യമായി ബാധിച്ചു.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്‌കരണങ്ങള്‍ കാരണം ഇന്‍ഡിഗോയുടെ അറുനൂറിലധികം സര്‍വീസുകള്‍ ഇന്ന് മുടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് ഇന്ത്യയിലെ പല വിമാനത്താവളങ്ങളില്‍ ഉണ്ടായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുണ്ടായത്.
ഡല്‍ഹി വിമാനത്താവളം അടക്കമുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഡല്‍ഹിയില്‍ മാത്രം 225 ലധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. സമാനമായ രീതിയില്‍ രാജ്യത്തെമ്പാടും അറുന്നൂറോളം വിമാനങ്ങള്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയാകുകയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
വിമാന ജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്ന നിര്‍ദേശമാണ് പിന്‍വലിക്കപ്പെട്ടത്. ഇതോടെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കമ്പനിക്ക് സാധിക്കും. എന്നാലും വിമാന സര്‍വീസുകള്‍ പൂര്‍ണ സ്ഥിതിയിലേക്ക് പുനക്രമീകരിക്കാന്‍ രണ്ട് ദിവസം വേണ്ടി വന്നേക്കും.
സര്‍വീസുകളുടെ ബാഹുല്യം, കൂടുതല്‍ രാത്രി സര്‍വീസുകള്‍, പൈലറ്റുമാരുടെ ദൗര്‍ലഭ്യം എന്നിവയാണ് ഇന്‍ഡിഗോയെ പ്രതിസന്ധി കൂടുതലായി ബാധിക്കാന്‍ കാരണം. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായതിനാല്‍ നിലവിലുള്ള പൈലറ്റുമാരെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു പ്രവര്‍ത്തനം. പുതിയ ചട്ടം ഇതിനു തടസമായി. ഏകദേശം 2,300 സര്‍വീസ് പ്രതിദിനം നടത്തുന്ന വിമാന കമ്പനിയാണ് ഇന്‍ഡിഗോ.