'വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണം'; ഹൈക്കോടതി വിധികള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി

'വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണം'; ഹൈക്കോടതി വിധികള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി

ജാമ്യ ഹര്‍ജികള്‍ ആണെങ്കില്‍ വാദം കേള്‍ക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി  പറയണം.

ന്യൂഡല്‍ഹി: കേസുകളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ണായക നിര്‍ദേശം. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ വിധി പ്രസ്താവം ഇതിലും കുറഞ്ഞ സമയ പരിധിക്കുള്ളില്‍ ഉണ്ടാകണമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശിച്ചു.

വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി മൂന്ന് മാസത്തിനുള്ളില്‍ വിധി പ്രസ്താവിച്ചില്ലെങ്കില്‍ രജിസ്ട്രാര്‍ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തണം. വാദം കേട്ട ബെഞ്ചിന് വിധി പ്രസ്താവിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം കൂടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കാം. ആ സമയ പരിധിയില്‍ വിധി പ്രസ്താവിച്ചില്ലെങ്കില്‍ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലിസ്റ്റ് ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജാമ്യ ഹര്‍ജികള്‍ ആണെങ്കില്‍ വാദം കേള്‍ക്കുന്ന ദിവസമോ, തൊട്ടടുത്ത ദിവസമോ വിധി പ്രസ്താവിക്കണം. ജാമ്യ ഹര്‍ജികളില്‍ വിധി പ്രസ്താവിക്കുന്ന ദിവസം തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കണം. കോടതി ഉത്തരവ് ഉണ്ടാകുകയാണെങ്കില്‍ വിചാരണ തടവുകാര്‍ ആണെങ്കില്‍ അന്നുതന്നെ, അല്ലെങ്കില്‍ തൊട്ടടുത്ത ദിവസം മോചിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

കേസുകളിലെ വിധികളുടെ ഓപ്പറേറ്റിവ് ഭാഗം തുറന്ന കോടതിയില്‍ പ്രസ്താവിക്കാം. എന്നാല്‍ വിശദമായ വിധി ഏഴ് ദിവസത്തിനുള്ളില്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഓപ്പറേറ്റീവ് ഭാഗം തുറന്ന കോടതിയില്‍ പ്രസ്താവിച്ച് 15 ദിവസത്തിനുള്ളില്‍ വിശദമായ വിധി അപ്ലോഡ് ചെയ്തില്ലെങ്കില്‍ അതിനായി അപേക്ഷ നല്‍കാം.

30 ദിവസത്തിനുള്ളില്‍ വിശദമായ വിധി അപ്ലോഡ് ചെയ്തില്ലെങ്കില്‍ ആ കേസ് മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ വിധി പറയാന്‍ തീരുമാനിച്ച ദിവസം വെബ്സൈറ്റില്‍ രേഖപ്പെടുത്താനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.