തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്മസ്; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ഇന്ന് ക്രിസ്മസ്; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു

കൊച്ചി: തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായി. ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു.

എറണാകുളം സീറോ മലബാര്‍ സഭ ആസ്ഥാനത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്മസ് എന്നത് പുതിയ സാധ്യതകളുടെ തുടക്കമാണെന്ന് അദേഹം പറഞ്ഞു.

കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. കോഴിക്കോട് രൂപതയെ അതിരൂപതയാക്കി ഉയര്‍ത്തപ്പെട്ട ശേഷമുള്ള ആദ്യ ക്രിസ്മസ് എന്ന പ്രത്യേകത കൂടി കോഴിക്കോട്ടെ വിശ്വാസികള്‍ക്കുണ്ട്.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്ക സഭ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പട്ടം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോ ആണ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്.

ഉണ്ണി യേശുവിന്റെ തിരുപിറവിയെ അനുസ്മരിച്ചാണ് എല്ലാ വര്‍ഷവും ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. എല്ലാ രാജ്യങ്ങളും ഒരുപോലെയല്ല ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നിരുന്നാലും എല്ലാവരും അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആഘോഷിക്കാറുണ്ട്. പണ്ട് ക്രിസ്മസ് ഒരു മതത്തിന്റെ മാത്രം ഉത്സവമായിരുന്നെങ്കില്‍ ഇന്ന് നാനാ ജാതി മതസ്ഥരും ഈ ആഘോഷത്തിന്റെ ഭാഗമാകുന്നുണ്ട്. പരസ്പരം സമ്മാനങ്ങള്‍ നല്‍കിയും വീടുകള്‍ അലങ്കരിച്ചും ജാതിഭേദമന്യേയാണ് ആളുകള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

ബൈബിളിലെ പുതിയ നിയമം അനുസരിച്ച്, ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമിലെ ഒരു കാലിതൊഴുത്തിലാണ് കന്യക മറിയം ഉണ്ണി യേശുവിന് ജന്മം നല്‍കിയത്. ഉണ്ണി യേശുവിന്റെ ജനനം ആദ്യം മാലാഖമാര്‍ അറിയിച്ചതും മറ്റാരെയുമല്ല ആട്ടിടയന്മാരെയാണ്. അവര്‍ സമ്മാന പൊതികളുമായി ഉണ്ണി യേശുവിനെ കാണാനെത്തി. ദൈവത്തിന്റെ പുത്രനായിട്ടും വിനീതനായി കാലിത്തൊഴുത്തില്‍ പിറന്നത് ലോകത്തിന് തന്നെ മാതൃക ആകാനാണ്. ഓരോ ക്രിസ്മസും ഈ വിനയമാണ് മനുഷ്യന് നല്‍കുന്ന സന്ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.