ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു.
ആരവല്ലി മലനിരകളെയും അവയുടെ വ്യാപ്തിയെയും കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ പുതിയ നിര്‍വചനം അംഗീകരിച്ച നവംബര്‍ 20 ലെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എ.ജി മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് തടഞ്ഞത്.
ഈ നിര്‍വചനം അംഗീകരിച്ചാല്‍ ആരവല്ലി മേഖലയുടെ വലിയൊരു ഭാഗം നിയന്ത്രിത ഖനനത്തിനായി തുറന്നു കൊടുക്കപ്പെടുമെന്ന ആശങ്കയെ തുടര്‍ന്നാണ് കോടതിയുടെ പുതിയ നടപടി.
മുന്‍പ് രൂപീകരിച്ച സമിതിയില്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥരായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി, ഈ സമിതി നല്‍കിയ ശുപാര്‍ശകളുടെ പാരിസ്ഥിതിക ആഘാതം വിദഗ്ധ സമിതി പരിശോധിക്കണമെന്ന് നിര്‍ദേശിച്ചു.
രാജസ്ഥാന്‍, ഗുജറാത്ത്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. ആരവല്ലി മലനിരകളെ വെറും 500 മീറ്റര്‍ ബെല്‍റ്റായി ചുരുക്കി നിര്‍വചിച്ചത് പരിസ്ഥിതി സംരക്ഷണ മേഖലയെ കുറയ്ക്കുകയും ഖനന സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഇത് ഒരു 'ഘടനാപരമായ വൈരുദ്ധ്യം' ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
രണ്ട് കുന്നുകള്‍ക്കിടയിലുള്ള വിടവുകളില്‍ നിയന്ത്രിത ഖനനം അനുവദിക്കാമോ എന്ന കാര്യത്തിലും ആശങ്ക പ്രകടിപ്പിച്ച കോടതി, പുരാതനമായ ഈ മലനിരകളുടെ പാരിസ്ഥിതിക തുടര്‍ച്ച നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നതിനായി ഡൊമെയ്ന്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ശാസ്ത്രീയവും പാരിസ്ഥിതികവുമായ അറിവുകള്‍ ഭാവിയിലെ തീരുമാനങ്ങളെ നയിക്കണം. ആരവല്ലി മേഖലയിലെ ഖനനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വലിയ വിവാദങ്ങള്‍ക്കിടയിലാണ് സുപ്രീം കോടതിയുടെ നടപടി.
ജനുവരി 21 വരെയാണ് കോടതി ഈ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കോടതിയുടെ അന്തിമ തീരുമാനത്തില്‍ നിര്‍ണായകമാകും.
കോടതിയുടെ പുതിയ തീരുമാനത്തെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് സ്വാഗതം ചെയ്തു. പാരിസ്ഥിതികമായി അതീവ പ്രാധാന്യമുള്ള ഒരു മേഖലയെ പുനര്‍നിര്‍വചിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഈ സ്റ്റേ എന്ന് അദേഹം പറഞ്ഞു.
നിര്‍വചനത്തില്‍ വരുത്തിയ മാറ്റം ആരവല്ലി മലനിരകള്‍ ഇല്ലാതാകാന്‍ കാരണമാകുമെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നീക്കം മുഴുവന്‍ പര്‍വത നിരകളുടെയും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സമഗ്രതയെ വിഘടിപ്പിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും കാരണമാകുമെന്ന് വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് അദേഹം കത്തെഴുതിയിരുന്നു.