തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടത്ത് നടന്ന അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 15 റണ്‍സിനാണ് ശ്രീലങ്ക അടിയറവ് പറഞ്ഞത്.
ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് നേടാനായത്. 42 പന്തില്‍ 65 റണ്‍സ് നേടിയ ഓപ്പണര്‍ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്‌കോറര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിര്‍ണായക ഇന്നിങ്‌സാണ് വിമന്‍ ഇന്‍ ബ്ലൂവിന് കരുത്തായത്. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച മുന്നില്‍ കണ്ട ഇന്ത്യയ്ക്ക് ഹര്‍മന്‍ രക്ഷകയാകുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അരുന്ധതി റെഡ്ഡിയാണ് ഇന്ത്യയെ 170 കടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അവസാന ഓവര്‍ വരെ നന്നായി പൊരുതിയെങ്കിലും 15 റണ്‍സ് അകലെ വീണു. 65 റണ്‍സെടുത്ത ഹാസിനി പെരേര, 50 റണ്‍സെടുത്ത ഇമേഷ ദുലാനി എന്നിവര്‍ ചെറുത്തുനിന്നെങ്കിലും പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്തവരെല്ലാം തന്നെ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.