മഡൂറോയും കുടുംബവും കുടുങ്ങുന്നു; ലഹരിക്കടത്ത് കേസിൽ വെനസ്വേലൻ പ്രസിഡന്റിനെതിരെ അമേരിക്കയുടെ കുറ്റപത്രം

മഡൂറോയും കുടുംബവും കുടുങ്ങുന്നു; ലഹരിക്കടത്ത് കേസിൽ വെനസ്വേലൻ പ്രസിഡന്റിനെതിരെ അമേരിക്കയുടെ കുറ്റപത്രം

ന്യൂയോർക്ക്: അമേരിക്കൻ സൈന്യം തടവിലാക്കിയ നിക്കോളാസ് മഡുറോയെയും കുടുംബത്തെയും വിചാരണ ചെയ്യുന്നതിനായി ന്യൂയോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ പുതിയ കുറ്റപത്രം പുറത്തിറക്കി. കഴിഞ്ഞ 25 വർഷമായി വെനസ്വേലയിലെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് അമേരിക്കയിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ കടത്തിയെന്നാണ് പ്രധാന ആരോപണം.

മഡുറോയ്‌ക്കൊപ്പം ഭാര്യ സിലിയ ഫ്ലോറസ്, മകൻ നിക്കോളാസ് മഡുറോ ഗുവേര എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്കെതിരെ മയക്കുമരുന്ന് കടത്തിന് പുറമെ ഗൂഢാലോചന, ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വിദേശകാര്യ മന്ത്രിയായിരുന്ന കാലത്ത് മയക്കുമരുന്ന് കടത്തുകാർക്ക് മഡുറോ നയതന്ത്ര പാസ്‌പോർട്ടുകൾ നൽകിയെന്നും മെക്സിക്കോയിൽ നിന്ന് പണം കടത്തുന്ന വിമാനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കിയെന്നും കുറ്റപത്രം ആരോപിക്കുന്നു. 2004 നും 2015 നും ഇടയിൽ മയക്കുമരുന്ന് പണം നൽകാത്തവരെയും തങ്ങളുടെ ബിസിനസിന് തടസമായി നിന്നവരെയും തട്ടിക്കൊണ്ടുപോകാനും മർദിക്കാനും കൊല്ലാനും മഡുറോയും ഭാര്യയും ഉത്തരവിട്ടു. കാരക്കാസിലെ ഒരു മയക്കുമരുന്ന് മാഫിയ തലവനെ വധിക്കാൻ ഉത്തരവിട്ടതും ഇതിൽ ഉൾപ്പെടുന്നു.

2007 ൽ ഒരു വൻകിട മയക്കുമരുന്ന് വ്യാപാരിയും വെനസ്വേലയിലെ ആന്റി-നാർക്കോട്ടിക് ഓഫീസിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാൻ ലക്ഷക്കണക്കിന് ഡോളർ സിലിയ ഫ്ലോറസ് കൈക്കൂലി വാങ്ങിയതായി പ്രോസിക്യൂട്ടർമാർ പറയുന്നു. ലോകത്തെ ഏറ്റവും ക്രൂരരായ മയക്കുമരുന്ന് സംഘങ്ങളുമായും ഭീകരവാദികളുമായും ചേർന്ന് അമേരിക്കയ്ക്കെതിരെ “ആരോഗ്യ യുദ്ധം” നടത്താനാണ് മഡുറോ ശ്രമിച്ചതെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.