വെനസ്വേലയില്‍ നിന്നും 50 ദശലക്ഷം ബാരല്‍ എണ്ണ; കച്ചവടം ലക്ഷ്യമിട്ട് ട്രംപിന്റെ പുതിയ പദ്ധതി

വെനസ്വേലയില്‍ നിന്നും 50 ദശലക്ഷം ബാരല്‍ എണ്ണ; കച്ചവടം ലക്ഷ്യമിട്ട് ട്രംപിന്റെ പുതിയ പദ്ധതി

വാഷിങ്ടന്‍: വെനസ്വേലയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും പിടികൂടിയതിന് പിന്നാലെ പുതിയ വ്യാപാര പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയില്‍ നിന്നും 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ ഉയര്‍ന്ന നിലവാരമുള്ള എണ്ണ യു.എസിന് ലഭിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

വെനസ്വേലയിലെ ഇടക്കാല ഭരണകൂടം വിപണി വിലയ്ക്ക് എണ്ണ വില്‍ക്കുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞത്. കപ്പലുകളില്‍ എണ്ണ സംഭരിച്ച് യു.എസിലേക്ക് നേരിട്ട് കൊണ്ടുവരുമെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. യുഎസിലെയും വെനസ്വേലയിലേയും ജനങ്ങള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതിയായിരിക്കും ഇതെന്നും പദ്ധതി നടപ്പിലാക്കാന്‍ യു.എസ് ഊര്‍ജ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈറ്റ് ഹൗസ് വെള്ളിയാഴ്ച യോഗം ചേരും.

അതേസമയം എണ്ണ വാങ്ങല്‍ പദ്ധതി ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും പിടികൂടി യു.എസില്‍ എത്തിച്ച ഓപ്പറേഷനിടെ പ്രതിരോധം ഉണ്ടാകാത്തതില്‍ ദുരൂഹത വര്‍ധിക്കുകയാണ്. വെനസ്വേലന്‍ ഭരണകൂടത്തിലെ ചില ഉന്നത കേന്ദ്രങ്ങളുമായി ട്രംപ് ഭരണകൂടം ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു യു.എസ് സൈന്യത്തിന്റെ ഓപ്പറേഷന്‍ എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.