മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിക്കുന്നു: മാനന്തവാടി മെഡിക്കല്‍ കോളജ് വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കെ.സി.വൈ.എം

മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിക്കുന്നു: മാനന്തവാടി മെഡിക്കല്‍ കോളജ് വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് കെ.സി.വൈ.എം

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത. നാളുകളായി ചൂണ്ടിക്കാണിക്കുന്ന ആശുപത്രിയുടെ ദുരവസ്ഥയുടെ തുടര്‍ച്ചയാണിതെന്ന് കെ.സി.വൈ.എം അഭിപ്രായപ്പെട്ടു.

ഡോക്ടര്‍മാരുടെയും നഴ്സിങ് സ്റ്റാഫിന്റെയും കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തിരക്കേറിയ വാര്‍ഡുകള്‍, മേല്‍നോട്ട സംവിധാനങ്ങളുടെ പരാജയം തുടങ്ങിയ വിഷയങ്ങള്‍ പലവട്ടം പൊതുജനങ്ങളും സാമൂഹിക സംഘടനകളും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും അതിന് വേണ്ട പരിഹാര നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും കെ.സി.വൈ.എം കുറ്റപ്പെടുത്തി.

ഇപ്പോള്‍ പുറത്തുവന്ന സംഭവം ഒരു ഒറ്റപ്പെട്ട അപകടമല്ലെന്നും നിരന്തമായുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച ഭരണ പരാജയത്തിന്റെ ഫലമാണെന്നും രൂപത പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ വിശ്വാസത്തോടെ ആശ്രയിക്കുന്ന ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒരിക്കലും സംഭവിക്കരുതെന്ന് കരുതുന്ന ചികിത്സാ പിഴവ് ഉണ്ടായത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഇടപെടലുകളും ഘടനാപരമായ പരിഷ്‌കാരങ്ങളും അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ദുരിതം അനുഭവിച്ച കുടുംബത്തിന് നീതിയും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കണം. ഇതോടൊപ്പം മാനന്തവാടി മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ആശുപത്രികളുടെ ദുരവസ്ഥ ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയമല്ലെന്നും അത് മനുഷ്യാവകാശ സംരക്ഷണമാണെന്നും കെ.സി.വൈ.എം ചൂണ്ടിക്കാട്ടി.

കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേല്‍, ജനറല്‍ സെക്രട്ടറി റോബിന്‍ വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശേരിയില്‍, ക്രിസ്റ്റി കാരുവള്ളിത്തറ, കോര്‍ഡിനേറ്റര്‍ ബ്രിട്ടോ വാഴയില്‍, ട്രഷറര്‍ നവീന്‍ പുലക്കുടിയില്‍, രൂപതാ ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സി. റോസ് ടോം എസ്.എ.ബി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.