'ഒന്നല്ല, അമ്പതിലധികം തവണ': ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടി; രേഖകള്‍ പുറത്ത്

'ഒന്നല്ല, അമ്പതിലധികം തവണ': ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായം തേടി; രേഖകള്‍ പുറത്ത്

ഇസ്ലമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ അമ്പതിലധികം തവണ അമേരിക്കയുടെ സഹായം തേടിയതായി വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.

അമേരിക്കയുടെ വിദേശ ഏജന്റ് രജിസ്ട്രേഷന്‍ ആക്ടിന് കീഴില്‍ ഫയല്‍ ചെയ്ത രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. സഹായത്തിന് പ്രതിഫലമായി കൂടുതല്‍ നിക്ഷേപങ്ങള്‍, പ്രത്യേക പ്രവേശനം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയവയും അമേരിക്കയ്ക്ക് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തെന്നും രേഖകളില്‍ പറയുന്നു.

പാകിസ്ഥാന്‍ നയതന്ത്രജ്ഞരും പ്രതിരോധ ഉദ്യോഗസ്ഥരും ഇമെയിലുകള്‍ വഴിയും ഫോണ്‍ കോളുകള്‍ വഴിയും അമ്പതിലധികം തവണ യു.എസ് അധികൃതരെ സമീപിച്ചുവെന്നും ഓപ്പറേഷനിടെ ഉദ്യോഗസ്ഥരുമായും ഇടനിലക്കാരുമായും അമേരിക്കന്‍ മാധ്യമങ്ങളുമായും നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ ആവശ്യപ്പെട്ടു എന്നുമാണ് രേഖകളിലുള്ളത്.

ഇന്ത്യയെ സംഭാഷണത്തിന് പ്രേരിപ്പിക്കാനും അതുവഴി ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാനും യു.എസിനോട് പാകിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചുവെന്നും യു.എസ് മധ്യസ്ഥതയെ സ്വാഗതം ചെയ്യുന്നുവെന്നും രേഖകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ പാകിസ്ഥാന്‍ ലോബിയിങിനു ചെലവഴിക്കുന്ന തുക ഗണ്യമായി വര്‍ധിപ്പിച്ചത് എങ്ങനെയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ പുറത്തുവിട്ട ഒരു അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

'കഴിഞ്ഞ ഏപ്രില്‍ 22 ന് പഹല്‍ഗാമിലുണ്ടായ ആക്രമണത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നു. ഇതില്‍ അമേരിക്കയുടെ സഹായം സ്വാഗതാര്‍ഹമായിരിക്കും. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സിന്ധു നദീജല കരാര്‍, ഇരു രാജ്യങ്ങളെയും വിഭജിക്കുന്ന എല്ലാ വിഷയങ്ങളിലും ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ശക്തമായ പ്രാദേശിക ഭീകരവാദ വിരുദ്ധ സഹകരണത്തില്‍ അമേരിക്കയെയും ഉള്‍ക്കൊള്ളിക്കണം. ഇരു രാജ്യങ്ങള്‍ക്കും സ്ഥിരീകരിക്കാവുന്ന കരാറുകളില്‍ എത്താന്‍ ഒരു മൂന്നാം കക്ഷിക്ക് സഹായിക്കാന്‍ കഴിയുമെന്ന് പാകിസ്ഥാന്‍ വിശ്വസിക്കുന്നു'- റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു കാശ്മീര്‍ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെ അഭിനന്ദിച്ച പാകിസ്ഥാന്‍, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ സംബന്ധിച്ച ഒരു രേഖയും പുറത്തിറക്കി.

ട്രംപ് ഭരണകൂടവുമായി കൂടുതല്‍ അടുക്കാനും അനുകൂലമായ വ്യാപാര, നയതന്ത്ര ഫലങ്ങള്‍ നേടാനുമായി
2025 നവംബറില്‍ വാഷിങ്ടണിലെ ആറ് ലോബിയിങ് സ്ഥാപനങ്ങളുമായി ഏകദേശം അഞ്ച് മില്യണ്‍ ഡോളറിന്റെ വാര്‍ഷിക കരാറുകളില്‍ പാകിസ്ഥാന്‍ ഒപ്പുവെച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലമാബാദ് സെയിഡന്‍ ലോ എല്‍എല്‍പിയുമായി ജാവലിന്‍ അഡൈ്വസേഴ്സ് വഴി കരാര്‍ ഒപ്പിട്ട് ആഴ്ചകള്‍ക്ക് ശേഷം ട്രംപ് പാക് സൈന്യത്തിന്റെ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.