തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ ഈ ശുപാര്‍ശകള്‍ നടപ്പിലാക്കി. 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഏഴ് ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിനായി അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ചു വരുന്നു. നടപടി പൂര്‍ത്തിയാക്കാന്‍ ശേഷിക്കുന്ന ശുപാര്‍ശകള്‍ നിലവില്‍ പ്രാബല്യത്തിലുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍, ചട്ടങ്ങള്‍, കോടതി ഉത്തരവുകള്‍ എന്നിവയില്‍ മാറ്റം വരുത്തുകയോ, മറ്റ് വകുപ്പുകളില്‍ നിന്ന് സമ്മതപത്രം ലഭ്യമാക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ നടപ്പിലാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തിലെ അവ്യക്തതകള്‍ നീക്കാനും കാര്യങ്ങള്‍ അറിയാനും താല്‍പര്യവുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനായി 2020 നവംബര്‍ അഞ്ചിനാണ് ജെ.ബി. കോശി കമ്മിഷനെ നിയമിച്ച് ഉത്തരവായത്. 2023 മെയ് 23ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.