"വാക്കുകൾ പോരാ, സാന്നിധ്യം വേണം; വിശുദ്ധ നാട് തീർത്ഥാടകരെ കാത്തിരിക്കുന്നു": ഫാ. ഫ്രാൻസെസ്കോ


ജെറുസലേം: സംഘർഷഭരിതമായ സാഹചര്യങ്ങൾ സൃഷ്ടിച്ച ഭയത്തെ അതിജീവിക്കാൻ വിശ്വാസികളുടെ സാന്നിധ്യം അനിവാര്യമാണെന്നും വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനങ്ങൾ പുനരാരംഭിക്കണമെന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാ സഭയുടെ സംരക്ഷണത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ ചുമതലയുള്ള ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ. വിശുദ്ധ നാട്ടിലെ കത്തോലിക്കാ സഭയുടെ സംരക്ഷണ ചുമതലയുള്ള ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ കേന്ദ്രത്തിൽ റോമിൽ നിന്നുള്ള പ്രതിനിധി സംഘത്തെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദേഹം.

ഒക്ടോബർ ഏഴിന് ഉണ്ടായ ആക്രമണങ്ങൾക്ക് ശേഷം വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. ഇത് പ്രാദേശിക സമൂഹത്തെ സാമ്പത്തികമായും മാനസികമായും തളർത്തി. വാക്കുകൾ കൊണ്ട് മാത്രം ഭയത്തെ മറികടക്കാനാവില്ലെന്നും തീർത്ഥാടകരുടെ നേരിട്ടുള്ള സാന്നിധ്യം പ്രത്യാശയുടെ വലിയ അടയാളമാണെന്നും ഫാ. ഫ്രാന്‍സ്സെസ്കോ ചൂണ്ടിക്കാട്ടി.

വിശുദ്ധ നാട്ടിലെ ക്രൈസ്തവരുൾപ്പെടുന്ന പ്രാദേശിക സമൂഹത്തിന്റെ പ്രധാന ഉപജീവനമാർഗം തീർത്ഥാടനമാണ്. സന്ദർശകർ മടങ്ങിയെത്തുന്നത് ഇവിടുത്തെ സാമ്പത്തിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. ഇസ്രയേലിലും ഫലസ്തീനിലുമായി ചിതറിക്കിടക്കുന്ന അൻപതിനായിരത്തോളം ക്രൈസ്തവരിൽ ആറായിരത്തോളം പേർ ജെറുസലേമിലാണ് വസിക്കുന്നത്. തീർത്ഥാടകരുടെ വരവ് ഇവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തീർത്ഥാടകർ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നത് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഇവിടേക്ക് വരാൻ പ്രേരണയാകും. യുദ്ധവും സംഘർഷങ്ങളും തകർത്ത വിശ്വാസത്തെയും സമാധാനത്തെയും പുനസ്ഥാപിക്കാൻ വിശ്വാസികളുടെ സാക്ഷ്യം ആവശ്യമാണെന്നും ഫാ. ഫ്രാന്‍സ്സെസ്കോ യെൽപോ കൂട്ടിച്ചേർത്തു. റോമിൽ നിന്നെത്തിയ വൈദികർ, രൂപത ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങിയ സംഘമാണ് ജെറുസലേമിൽ എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.