ഖാർത്തൂം: ലോകം കണ്ട ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നായി സുഡാനിലെ ആഭ്യന്തരയുദ്ധം മാറുന്നു. യുദ്ധം ആയിരം ദിനങ്ങൾ പിന്നിടുമ്പോൾ രാജ്യത്തെ പകുതിയിലധികം ജനങ്ങളും പട്ടിണിയുടെയും മരണത്തിന്റെയും നിഴലിലാണ്. ഐക്യരാഷ്ട്രസഭയുടെയും യുനിസെഫിന്റെയും കണക്കുകൾ പ്രകാരം 34 ദശലക്ഷം ആളുകൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണ്.
യുനിസെഫിന്റെ കണക്കുകൾ പ്രകാരം സംഘർഷം ആരംഭിച്ചത് മുതൽ ഓരോ ദിവസവും ശരാശരി 5,000 കുട്ടികളാണ് സ്വന്തം വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്നത്. ഡാർഫർ, കോർഡോഫാൻ മേഖലകളിൽ പകുതിയിലധികം കുട്ടികളും പോഷകാഹാരക്കുറവ് മൂലം മരണത്തോട് മല്ലിടുകയാണ്. "ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്?" എന്ന സുഡാനിലെ കുട്ടികളുടെ ചോദ്യം ലോകത്തിന് മുന്നിൽ വലിയൊരു വേദനയായി മാറുന്നു.
2023 ഏപ്രിലിൽ സൈനിക ഭരണാധികാരികളും അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ ആരംഭിച്ച പോരാട്ടം രാജ്യത്തെ പൂർണ്ണമായും തകർത്തു കഴിഞ്ഞു. ജനസംഖ്യയുടെ 45 ശതമാനത്തിലധികം പേർ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു. 83 ശതമാനം കുടുംബങ്ങൾക്കും ഒരു നേരം പോലും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. രാജ്യത്തെ 65 ശതമാനം പേർക്കും യാതൊരുവിധ ചികിത്സാ സൗകര്യങ്ങളും ലഭിക്കുന്നില്ല. ആശുപത്രികളും ക്ലിനിക്കുകളും യുദ്ധത്തിൽ തകർക്കപ്പെട്ടു.
യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെയാണ്. സ്ത്രീകൾ ഗൃഹനാഥരായ മുക്കാൽ ഭാഗം കുടുംബങ്ങളും പട്ടിണിയിലാണ്. ഭക്ഷണം തേടി പുറത്തിറങ്ങുന്ന സ്ത്രീകൾ വ്യാപകമായി ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിട്ടുണ്ട്.
സ്വന്തം വംശജർ തന്നെ ആയുധങ്ങളുമായി നേർക്കുനേർ പോരാടുമ്പോൾ ലോകത്തിന്റെ ശ്രദ്ധയും സഹായവും കാത്തിരിക്കുകയാണ് സുഡാനിലെ നിസഹായരായ മനുഷ്യർ.