ഇന്ത്യയിലെ 'വ്യാജ ബിരുദ' സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവം; ഓസ്‌ട്രേലിയൻ വിസാ സുരക്ഷയിൽ കനത്ത ആശങ്കയുമായി സെനറ്റർ

ഇന്ത്യയിലെ 'വ്യാജ ബിരുദ' സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവം; ഓസ്‌ട്രേലിയൻ വിസാ സുരക്ഷയിൽ കനത്ത ആശങ്കയുമായി സെനറ്റർ

കാൻബറ: ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ നടന്ന വൻ വ്യാജ സർട്ടിഫിക്കറ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയുടെ വിസാ സംവിധാനത്തിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാകുന്നു. ക്വീൻസ്‌ലൻഡ് സെനറ്ററായ മാൽക്കം റോബർട്ട്‌സാണ് ഇന്ത്യയിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

കേരളാ പൊലീസ് നടത്തിയ അന്വേഷണത്തിൽ 22 സർവ്വകലാശാലകളുടെ പേരിലുള്ള ഒരു ലക്ഷത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ പത്ത് ലക്ഷത്തിലധികം വ്യാജ ബിരുദങ്ങൾ ഇതിനകം വിതരണം ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്നും ഇവ വിദേശ രാജ്യങ്ങളിൽ ജോലി നേടാൻ ഉപയോഗിക്കുന്നതായും സെനറ്റർ എക്സിൽ കുറിച്ചു.

ഓസ്‌ട്രേലിയയിലുള്ള ഏകദേശം 23,000 വിദേശ വിദ്യാർത്ഥികൾ പണം നൽകി വാങ്ങിയ വ്യാജ ബിരുദങ്ങൾ കൈവശം വച്ചിട്ടുള്ളവരാണെന്ന് സെനറ്റർ ആരോപിച്ചു. വൃദ്ധസദനങ്ങൾ, ശിശു സംരക്ഷണ മേഖലകൾ എന്നിവിടങ്ങളിലാണ് ഇത്തരക്കാർ അധികവും ജോലി ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ ശിവകാശി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ സംഘത്തെയാണ് കേരളാ പൊലീസ് തകർത്തത്. 11 പേർ അറസ്റ്റിലായ ഈ കേസിൽ എം.ബി.ബി.എസ്, നഴ്സിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ സുപ്രധാന മേഖലകളിലെ സർട്ടിഫിക്കറ്റുകൾ വരെ വ്യാജമായി നിർമ്മിച്ചതായി കണ്ടെത്തിയിരുന്നു. 75,000 രൂപ മുതൽ നാല് ലക്ഷം രൂപ വരെയാണ് ഒരു സർട്ടിഫിക്കറ്റിനായി സംഘം ഈടാക്കിയിരുന്നത്.

വ്യാജരേഖകൾ ഉപയോഗിച്ച് വിസ നേടിയവരെ നാടുകടത്തുന്ന കാര്യത്തിൽ പ്രധാനമന്ത്രി ആന്റണി ആൽബനീസ് സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് സെനറ്റർ ആരോപിച്ചു. തൊഴിൽ മന്ത്രി മുറെ വാട്ടിനോട് താൻ ഇക്കാര്യം ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ഈ കണ്ടെത്തലുകൾ ഓസ്‌ട്രേലിയൻ വിസാ പരിശോധനകൾ കൂടുതൽ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്ന് മാൽക്കം റോബർട്ട്‌സ് പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടുന്നത് പൊതുജന സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.