നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അതിജീവിതയുടെ അഭിഭാഷക

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ  കോടതിയലക്ഷ്യ ഹര്‍ജിയുമായി അതിജീവിതയുടെ അഭിഭാഷക

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് തന്നെ അപമാനിച്ചെന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക ടി.ബി മിനി ഹൈക്കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കേസിന്റെ വിചാരണ വേളയില്‍ പത്തില്‍ താഴെ ദിവസങ്ങളില്‍ മാത്രമാണ് ടി.ബി മിനി കോടതിയില്‍ ഹാജരായതെന്നും ഉള്ളപ്പോഴാകട്ടെ ഉറങ്ങുകയായിരുന്നുമെന്നുമാണ് ജഡ്ജി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ജഡ്ജിക്കെതിരെ ടി.ബി മിനി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

അതിജീവിതയുടെ അഭിഭാഷകരെ പരസ്യമായി അപമാനിക്കുന്നത് പതിവ് രീതിയെന്നും ഹര്‍ജിയിലുണ്ട്. കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി ജഡ്ജി വിമര്‍ശിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു വിചാരണ കോടതിയുടെ വിമര്‍ശനം. അന്ന് കോടതിയില്‍ ടി.ബി മിനി ഹാജരായിരുന്നില്ല. ടി.ബി മിനി എത്തിയിട്ടില്ലേയെന്ന് ചോദിച്ചാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

വിശ്രമിക്കാനാണോ കോടതിയില്‍ വരുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്ത ശേഷമാണ് പുറത്തു പോയി കോടതിയെ വിമര്‍ശിക്കുന്നതെന്നും വിചാരണക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ടി.ബി മിനി ഹൈക്കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.