ചരിത്രം തിരുത്തി സ്പെയിൻ; 150 വർഷത്തിന് ശേഷം രാജ്യം വനിതാ ഭരണാധികാരിയെ കാത്തിരിക്കുന്നു

ചരിത്രം തിരുത്തി സ്പെയിൻ; 150 വർഷത്തിന് ശേഷം രാജ്യം വനിതാ ഭരണാധികാരിയെ കാത്തിരിക്കുന്നു

മാഡ്രിഡ്: സ്പാനിഷ് രാജവാഴ്ചയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കപ്പെടുന്നു. ഒന്നര നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം സ്പെയിനിനെ നയിക്കാൻ ഒരു വനിതാ ഭരണാധികാരി എത്തുന്നു. നിലവിലെ രാജാവ് ഫിലിപ്പ് ആറാമന്റെ മകളും കിരീടാവകാശിയുമായ ലിയോനർ രാജകുമാരിയാണ് (20) ചരിത്ര നിയോഗത്തിന് ഒരുങ്ങുന്നത്.

1868 ൽ ഇസബെല്ല രാജ്ഞി സ്ഥാനമൊഴിഞ്ഞ ശേഷം ഇതുവരെ സ്പെയിനിൽ ഒരു രാജ്ഞി ഭരിച്ചിട്ടില്ല. ആ ചരിത്രമാണ് ലിയോനറിലൂടെ തിരുത്തപ്പെടുന്നത്. 'ജെൻ സി' തലമുറയിൽ നിന്നുള്ള ആദ്യത്തെ രാജ്ഞി എന്ന വിശേഷണവും ലിയോനറിന് സ്വന്തമാകും.

ഭാവി ഭരണാധികാരി എന്ന നിലയിൽ കര, നാവിക, വ്യോമ സേനകളിൽ കഠിനമായ സൈനിക പരിശീലനം ലിയോനർ പൂർത്തിയാക്കിക്കഴിഞ്ഞു. കഴിഞ്ഞ മാസം സ്പാനിഷ് വ്യോമസേനയുടെ വിമാനം തനിയെ പറത്തി രാജകുമാരി വാർത്തകളിൽ ഇടം നേടിയിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക് ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ഇവർക്ക് പ്രാവീണ്യമുണ്ട്.

രാജകുടുംബവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾക്കിടയിലും ലിയോനർ രാജകുമാരിക്ക് സ്പെയിനിൽ വൻ ജനപ്രീതിയാണുള്ളത്. 'ലിയോനർമാനിയ' എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. പിതാവ് ഫിലിപ്പ് ആറാമന് ശേഷം ലിയോനർ അധികാരം ഏൽക്കുന്നതോടെ സ്പെയിനിന്റെ രാഷ്ട്രീയ ചരിത്രത്തിലും അതൊരു വലിയ മാറ്റമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.