ഗാസ: ഗാസയിലെ ഭരണം പാലസ്തീനിയന്‍ സാങ്കേതിക വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതിക്ക് (നാഷണല്‍ കമ്മിറ്റി) കൈമാറാന്‍ തയ്യാറെന്ന് ഹമാസ്.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ പെടാത്ത 15 പേരെയാണ്അമേരിക്കയുടെ മേല്‍നോട്ടത്തില്‍ സമിതിയില്‍ നിയമിച്ചിട്ടുള്ളത്.
പാലസ്തീനിയന്‍ അതോറിറ്റിയിലെ മുന്‍ മന്ത്രി അലി സാത്ത് ആണ് സമിതിയുടെ തലവന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലെ സമാധാന ബോര്‍ഡിന് കീഴിലാകും സമിതിയുടെ പ്രവര്‍ത്തനം. ഔദ്യോഗികമായി ചുമതല കൈമാറുന്നത് സംബന്ധിച്ച തീരുമാനം ഹമാസ് വൈകാതെ അറിയിക്കും.
അതേ സമയം ഹമാസ് അടക്കം വിവിധ പാലസ്തീനിയന്‍ ഗ്രൂപ്പുകളുടെ നിരായുധീകരണവും ഗാസയുടെ പുനര്‍നിര്‍മാണവും രണ്ടാം ഘട്ടത്തില്‍ തുടങ്ങുമെന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
പാലസ്തീനിയന്‍ പൊലീസിനെ രൂപപ്പെടുത്തി പരിശീലിപ്പിക്കാന്‍ താല്‍കാലിക അന്താരാഷ്ട്ര സേനയേയും ഗാസയില്‍ വിന്യസിക്കും. ഗാസയില്‍ ശേഷിക്കുന്ന ഒരു ഇസ്രയേലി ബന്ദിയുടെ മൃതദേഹം ഹമാസ് ഉടന്‍ വിട്ടുകൊടുക്കണമെന്നും നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹമാസ് അടക്കം വിവിധ പാലസ്തീനിയന്‍ ഗ്രൂപ്പുകളുടെ നിരായുധീകരണം എന്ന് പറയുമ്പോഴും ഹമാസ് ആയുധം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാകുമോ എന്ന സംശയം നിലനില്‍ക്കുകയാണ്. പാലസ്തീനിയന്‍ രാഷ്ട്രം നിലവില്‍ വരാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ചില ഹമാസ് അംഗങ്ങള്‍.
നിലവില്‍ ഗാസയുടെ 53 ശതമാനം ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. ഹമാസ് ആയുധം ഉപേക്ഷിക്കുന്നത് അനുസരിച്ചാകും ഇസ്രയേല്‍ സേനയുടെ പിന്മാറ്റം. രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് ട്രംപ് ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ഗാസയില്‍ വെടിനിറുത്തല്‍ പ്രാബല്യത്തില്‍ വന്നത്.