ഡിസംബറില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി; ഇന്‍ഡിഗോയ്ക്ക് 22 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

ഡിസംബറില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി; ഇന്‍ഡിഗോയ്ക്ക് 22 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി. കഴിഞ്ഞ ഡിസംബറില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിലാണ് നടപടി.

യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വിമാനക്കമ്പനിയുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള കാലയളവില്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ നടപടി അന്വേഷിക്കാന്‍ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. അന്വേഷണം നടത്തി ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഇന്‍ഡിഗോയുടെ 2507 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 1852 സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു. ഇതുമൂലം വിവിധ വിമാനത്താവളങ്ങളില്‍ മൂന്ന് ലക്ഷത്തിലധികം യാത്രക്കാര്‍ കുടുങ്ങിക്കിടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമിതി വിശദമായ അന്വേഷണം നടത്തുകയും ഇന്‍ഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ്‌വെയര്‍ എന്നിവയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു. പ്രവര്‍ത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷന്‍, മതിയായ തയ്യാറെടുപ്പ് ഇല്ലായ്മ, സിസ്റ്റം സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടിലെ കുറവുകള്‍, മാനേജ്‌മെന്റ് ഘടനയിലെയും പ്രവര്‍ത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മകള്‍ എന്നിവയാണ് തടസത്തിന്റെ പ്രധാന കാരണങ്ങളെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍.

പിഴ കൂടാതെ ഇന്‍ഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.