കൊച്ചി: സംസ്ഥാനത്ത് നായര്‍-ഈഴവ ഐക്യത്തിന് ഊര്‍ജിത ശ്രമം. എന്‍.എസ്.എസുമായി സഹകരിക്കാന്‍ എസ്.എന്‍.ഡി.പി തയ്യാറാണെന്നും ഇതിനായി 21 ന് ഇരു സമുദായങ്ങളും യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുമെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യുമായി ഐക്യപ്പെടാന്‍ താല്‍പര്യമുണ്ടെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പ്രതികരിച്ചു.
അതേസമയം ഇരു നേതാക്കളും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. തന്നെ വര്‍ഗീയ വാദിയെന്ന് വിളിച്ച് അപമാനിക്കുന്ന വി.ഡി സതീശന്‍ ഇന്നലെ പൂത്ത തകരയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണിയോ രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ താന്‍ വര്‍ഗീയവാദിയാണെന്ന് പറയട്ടെ. അങ്ങനെയെങ്കില്‍ അംഗീകരിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വി.ഡി സതീശനെ അഴിച്ചു വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അദേഹമാണ് ഈ ശത്രുക്കളെ മുഴുവന്‍ ഉണ്ടാക്കുന്നത്. സതീശനെ ഇങ്ങനെ അഴിച്ചു വിട്ടാല്‍ കോണ്‍ഗ്രസിന് അടി കിട്ടും. എന്‍.എസ്.എസിന്റെ മുഴുവന്‍ സഹായം വാങ്ങിച്ച് ജയിച്ച ശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് അദേഹം പറയുന്നത്. തത്വം പറയുന്നവര്‍ സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ കാലില്‍ വീഴാന്‍ പോയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതിനിടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുകയാണ് വെള്ളാപ്പള്ളി. താന്‍ തിരുവനന്തപുരത്ത് സംസാരിച്ചത് വെള്ളാപ്പള്ളിക്കെതിരെയല്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. വര്‍ഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു.
വര്‍ഗീയതയ്ക്കെതിരായ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. വര്‍ഗീയതയോട് ഏറ്റുമുട്ടി മരിച്ചാല്‍ വീരാളിപ്പട്ട് പുതച്ചു കിടക്കും. എല്ലാവരുമായി ഐക്യപ്പെട്ടു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം. സാമുദായിക സ്പര്‍ധയുണ്ടാക്കരുത്. വര്‍ഗീയത പ്രചരിപ്പിച്ച് കേളത്തില്‍ ആര് വിദ്വേഷ പ്രചരണം നടത്തിയാലും വെച്ച് പൊറുപ്പിക്കില്ല. വെള്ളാപ്പള്ളി നടത്തിയത് ഗുരു നിന്ദയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.