ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ചെലാന്‍ തുക തുടര്‍ച്ചയായി അടച്ചില്ലെങ്കില്‍ പണം വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കുമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ്. ഇതടക്കം ഉള്‍പ്പെടുത്തി കേന്ദ്ര മോട്ടോര്‍ വാഹന നിയമം പരിഷ്‌കരിക്കാനാണ് നീക്കം.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാരുടെ യോഗത്തിലാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അവതരിപ്പിച്ചത്. യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ചിന് മുമ്പ് മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വരും.
നോട്ടീസ് ലഭിച്ചിട്ടും പിഴ അടയ്ക്കാത്തവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് നടപടി. ഇതിനായി വാഹന ഉടമയുടെ ആര്‍.സി ബുക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കും. നിയമം ലംഘിച്ചാല്‍ തുക ബാങ്കില്‍ നിന്ന് ഈടാക്കാമെന്ന സത്യപ്രസ്താവനയും വാഹനം വാങ്ങുമ്പോള്‍ നല്‍കണം. പിഴത്തുക ബാങ്കിലില്ലെങ്കില്‍ വാഹനം കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് മോട്ടോര്‍ വാഹന വകുപ്പിന് കടക്കാം.
45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം
ഗതാഗത നിയമ ലംഘനത്തിനുള്ള ചെലാന്‍ കൈപ്പറ്റിയാല്‍ 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം.
കുറ്റം ചെയ്യാതെയാണ് ചെലാന്‍ ലഭിച്ചതെങ്കില്‍ തെളിവ് സഹിതം തെളിയിക്കണം. ഇല്ലെങ്കില്‍ പിഴ അടയ്ക്കണം.
90 ദിവസം കഴിഞ്ഞാല്‍ കേസ് കോടതിക്ക് കൈമാറും.
നിശ്ചിത എണ്ണം ചെലാനുകള്‍ അടിച്ചില്ലെങ്കില്‍ ആദ്യം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു കേരളം യോഗത്തില്‍ നിര്‍ദേശിച്ചത്. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കണം. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നവര്‍ പിഴ പലിശ സഹിതം അടച്ച ശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലനത്തിനെത്തണം. പുതിയ ലൈസന്‍സിന് ഒരിക്കല്‍ കൂടി ടെസ്റ്റിനെത്തണം.