വാഷിങ്ടൺ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും മേഖലയിലെ ഏറ്റവും വലിയ മതവിഭാഗമായി ക്രൈസ്തവർ തന്നെ തുടരുന്നുവെന്ന് 'പ്യൂ റിസർച്ച് സെന്റർ' റിപ്പോർട്ട്. സഭയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ദൈവ വിശ്വാസത്തിൽ ലാറ്റിനമേരിക്കൻ ജനത അചഞ്ചലരായി തുടരുന്നുവെന്നതാണ് പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ.
യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്തുമതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെങ്കിലും ലാറ്റിൻ അമേരിക്കയിൽ ചിത്രം വ്യത്യസ്തമാണ്. 2013-2024 കാലയളവിലെ കണക്കുകൾ പ്രകാരം ഒരു പതിറ്റാണ്ട് മുമ്പുള്ളത്ര തന്നെ ആഴത്തിൽ ഇന്നും ജനങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. മതം ഉപേക്ഷിച്ച് 'വിശ്വാസമില്ലാത്തവരായി' സ്വയം പ്രഖ്യാപിച്ചവരിൽ പോലും ഭൂരിഭാഗം പേരും ഈശ്വര വിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണ്.
അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, മെക്സിക്കോ, പെറു എന്നീ ആറ് രാജ്യങ്ങളിലായി ആറായിരത്തിലധികം പേരിൽ നടത്തിയ സർവേ പ്രകാരം ദൈവ വിശ്വാസം ഏറ്റവും ശക്തമായി നിലനിൽക്കുന്നത് ബ്രസീലിലാണ് (98 ശതമാനം). പെറുവിലും കൊളംബിയയിലും 97 ശതമാനം പേരും മെക്സിക്കോയിൽ 94 ശതമാനം പേരും ദൈവത്തിൽ വിശ്വസിക്കുന്നു.
കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ഇടിവുണ്ടായെങ്കിലും പെറു (67 ശതമാനം), മെക്സിക്കോ (67ശതമാനം), കൊളംബിയ (60ശതമാനം), അർജന്റീന (58 ശതമാനം) എന്നിവിടങ്ങളിൽ ഭൂരിപക്ഷം ഇപ്പോഴും കത്തോലിക്കരാണ്. ബ്രസീലിലും ചിലിയിലും ജനസംഖ്യയുടെ 46 ശതമാനത്തോളം കത്തോലിക്കാ വിശ്വാസികളാണ്. ബ്രസീലുകാരിൽ 76 ശതമാനവും കൊളംബിയക്കാരിൽ 71 ശതമാനവും ദിവസവും പ്രാർത്ഥന മുടങ്ങാതെ നടത്തുന്നവരാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.