വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിൽ വീശിയടിച്ച കൊടുങ്കാറ്റിനെയും കനത്ത മഴയെയും തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുട്ടിയുൾപ്പെടെ നിരവധി പേരെ കാണാതായി. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് മൗംഗനൂയിയിലെ (Mount Maunganui) ക്യാമ്പ് സൈറ്റിലാണ് വ്യാഴാഴ്ച രാവിലെ വൻ മണ്ണിടിച്ചിലുണ്ടായത്.
കാണാതായവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുന്നുവെന്ന് എമർജൻസി മിനിസ്റ്റർ മാർക്ക് മിച്ചൽ സ്ഥിരീകരിച്ചു.
കനത്ത മഴയെത്തുടർന്ന് നോർത്ത് ഐലൻഡിലെ പല പ്രദേശങ്ങളും 'യുദ്ധക്കളം' പോലെയായെന്ന് മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ വീടുകൾ മുങ്ങിയതിനെത്തുടർന്ന് മേൽക്കൂരകളിൽ അഭയം തേടിയവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്.
നോർത്ത്ലാൻഡ്, ഈസ്റ്റ് കേപ്പ് എന്നിവിടങ്ങളിലായി അഞ്ച് പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ടൂറിസ്റ്റ് കേന്ദ്രമായ മൗണ്ട് മൗംഗനൂയിയിൽ രാവിലെ 9.30-ഓടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ നിന്ന് സഹായത്തിനായുള്ള നിലവിളികൾ കേട്ടതായി രക്ഷാപ്രവർത്തകരും ദൃക്സാക്ഷികളും പറയുന്നു. ക്യാമ്പ് സൈറ്റിലെ വാഹനങ്ങൾ മറിഞ്ഞുവീഴുകയും മരങ്ങൾ കടപുഴകുകയും ചെയ്തു.
ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടെന്നും മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ അലിസ്റ്റർ മക്ഹാർഡി പറഞ്ഞു. സമീപ നഗരമായ ടൗരംഗയിൽ 30 മണിക്കൂറിനുള്ളിൽ 295 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. പാപമോവയിൽ (Papamoa) വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേരെ കാണാതാകുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഓക്ക്‌ലാൻഡിന് വടക്ക് വാർക്ക്‌വർത്തിൽ നദിയിൽ ഒഴുക്കിൽപ്പെട്ട ഒരാൾക്കായുള്ള തിരച്ചിൽ പോലീസ് പുനരാരംഭിച്ചു. 94 വയസുള്ള വയോധികനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയതും, കഴുത്തറ്റം വെള്ളത്തിൽ കുടുങ്ങിയ സ്ത്രീയെ കയാക്ക് ഉപയോഗിച്ച് രക്ഷിച്ചതും അത്ഭുതകരമായ രക്ഷാപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.