ഇസ്ലമാബാദ്: ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിക്കെതിരെ ഐസിസി ശക്തമായ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍.
ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചേക്കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ടൂര്‍ണമെന്റിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
മുതിര്‍ന്ന താരങ്ങളായ ഹാരിസ് റൗഫിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും ടീമില്‍ ഇടംനേടി.
ഞായറാഴ്ച രാവിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പിസിബി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറും ദേശീയ സെലക്ഷന്‍ കമ്മിറ്റി അംഗവുമായ അഖ്വിബ് ജാവേദ്, പാക് ടി20 ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ, വൈറ്റ് ബോള്‍ ഹെഡ് കോച്ച് മൈക്കല്‍ ജെയിംസ് ഹെസന്‍ എന്നിവരാണ് ടീം പ്രഖ്യാപനം നടത്തിയത്.
2024 ലാണ് മുഹമ്മദ് റിസ്വാന്‍ അവസാനമായി പാക് ജേഴ്സിയില്‍ ടി20 മത്സരം കളിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി താരം പാകിസ്ഥാന്‍ ടി20 ടീമിന്റെ ഭാഗമല്ല. മോശം പ്രകടനം കാരണമാണ് ഹാരിസ് റൗഫിനും ടീമില്‍ ഇടം നഷ്ടമായത്.
നെതര്‍ലന്‍ഡ്‌സ്, യു.എസ്.എ, നമീബിയ, ഇന്ത്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാകിസ്ഥാന്‍. ഫെബ്രുവരി ഏഴിന് കൊളംബോയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.
പാകിസ്ഥാന്‍ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഖവാജ മുഹമ്മദ് നഫായ്, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍, ഉസ്മാന്‍ താരിഖ്.