'ഇന്ത്യയും യു.എസും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം'; റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്

'ഇന്ത്യയും യു.എസും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം'; റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ജനതയ്ക്കും സര്‍ക്കാരിനും യു.എസിലെ ജനങ്ങളുടെ ഭാഗമായി ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു. ഇന്ത്യയും യു.എസും തമ്മിലുള്ളത് ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രവും ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണെന്നും ട്രംപ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം ആശംസാ സന്ദേശത്തില്‍ വ്യാപാര കരാറിനെ ട്രംപ് പരാമര്‍ശിച്ചില്ല. ഇന്ത്യയുമായുള്ള വ്യാപാര കരാറിന് തടസം നില്‍ക്കുന്നത് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനിടെയാണ് ട്രംപ് ആശംസകള്‍ നേര്‍ന്നത്. ഇന്ത്യയുമായി ധാരണയിലെത്തിയ വ്യാപാര കരാറിന് തടസം നിന്നത് ട്രംപും വിശ്വസ്തരായ ജെ.ഡി വാന്‍സും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേശകന്‍ പീറ്റര്‍ നവാരോയുമാണ് എന്നാണ് യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ് ആരോപിച്ചത്. ട്രംപിനെയും സംഘത്തെയും കുറ്റപ്പെടുത്തിയുള്ള ഇദേഹത്തിന്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ആഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയും ഇന്ത്യയുമായി വ്യാപാര കരാറിലെത്തുമെന്ന പ്രതീക്ഷ പങ്കുവച്ചും ട്രംപ് സംസാരിച്ചിരുന്നു. മോഡിയെ ഗംഭീര നേതാവെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായി നല്ലൊരു വ്യാപാര കരാറില്‍ എത്തുമെന്നും ട്രംപ് അന്ന് പറഞ്ഞിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നിലച്ചത്. പിന്നീട് പല തവണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമം നടന്നെങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.