ന്യൂഡല്‍ഹി: 2025 ജൂലൈയില്‍ ഇന്ത്യന്‍ സൈന്യം മ്യാന്‍മറില്‍ രഹസ്യ ഓപ്പറേഷന്‍ നടത്തിയതായി ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം. റിപ്പബ്‌ളിക് ദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം വിതരണം ചെയ്യുന്നത്തിനിടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ജൂലൈ 11 നും 13 നും ഇടയില്‍ ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായി ഓപ്പറേഷന്‍ നടന്നതായാണ് ഔദ്യോഗിക വിശദീകരണം. ഓപ്പറേഷന് നേതൃത്വം നല്‍കിയ 21 പാരയിലെ (സ്പെഷ്യല്‍ ഫോഴ്സസ്) ലഫ്. കേണല്‍ ഘടാജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര നല്‍കി ആദരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഒന്‍പത് ഭീകരവാദ ക്യാമ്പുകള്‍ തകര്‍ത്തതായുള്ള വിവരം പുറത്ത് വിട്ടത്. സൈനിക ഓപ്പറേഷനിടെ കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഭീകരര്‍ ഉള്‍പ്പെട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മ്യാന്‍മറിലെ സഗായിങ് മേഖലയില്‍ നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ തങ്ങളുടെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് അസാം (യുഎല്‍എഫ്എ) വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായി അനേകം ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഭീകര സംഘടനയാണിത്. തങ്ങളുടെ ക്യാമ്പുകള്‍ തകര്‍ത്തത് ഇന്ത്യന്‍ സൈന്യമാണെന്ന് യുഎല്‍എഫ്എ ആരോപിച്ചിരുന്നു.
ഇന്ത്യാ വിരുദ്ധ സംഘടനകളുടെ ക്യാമ്പുകളെയാണ് ലക്ഷ്യം വച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഓപ്പറേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.