ശബരിമല സ്വര്‍ണക്കൊള്ള: പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം; എസ്‌ഐടിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

ശബരിമല സ്വര്‍ണക്കൊള്ള: പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം; എസ്‌ഐടിക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകുന്നതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കേസിലെ പ്രതി പങ്കജ് ഭണ്ഡാരി തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

പ്രതികള്‍ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്ത് വരുമ്പോള്‍ ജനത്തിന് അന്വേഷണത്തില്‍ സംശയം ഉണ്ടാകുന്നു. അത് തടയാനുള്ള ഇടപെടല്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കടമ്പകള്‍ ഉണ്ടെന്നാണ് എസ്ഐടിയുടെ വിശദീകരണം.

സ്വര്‍ണക്കൊള്ള കേസുകളില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് കഴിഞ്ഞ ദിവസം സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുരാരി ബാബുവിന് ജാമ്യം ലഭിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.