തിരൂരങ്ങാടി: ഇരട്ടകളുടെ ജനനം കൊണ്ട് ലോക ശ്രദ്ധ ആകര്‍ഷിച്ച ഗ്രാമമാണ് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി. നവജാത ശിശുക്കള്‍ മുതല്‍ 65 വയസ് വരെ പ്രായമുള്ള ഇരട്ടകളെ ഈ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കണ്ടെത്താന്‍ കഴിയും. വിവിധ വിദ്യാലയങ്ങളിലായി 80 ജോഡി ഇരട്ടകള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. വര്‍ഷങ്ങളായി ശാസ്ത്രജ്ഞരെയും ഗവേഷകരെയും ഒരുപോലെ അല്‍ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു ഗ്രാമമാണിത്.
അതേസമയം ഇരട്ടകളുടെ ജനന നിരക്ക് വര്‍ധിച്ചതിനാല്‍ ഗ്രാമത്തിലെ മിക്ക അമ്മമാര്‍ക്കും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന ആദ്യ ആറ് മാസ മുലയൂട്ടല്‍ പോലും സാധിക്കുന്നില്ലെന്നാണ് ഭോപ്പാല്‍ എയിംസിന്റെ പഠനം പറയുന്നത്. ഗ്രാമത്തിലെ നാല് ശതമാനം അമ്മമാര്‍ക്ക് മാത്രമേ ആദ്യത്തെ ആറ് മാസം മുലയൂട്ടാന്‍ സാധിക്കുന്നുള്ളു. കൊടിഞ്ഞി ഗ്രാമത്തില്‍ ഏകദേശം 2000 കുടുംബങ്ങളുണ്ടെന്നും ഇതുവരെ 550 ല്‍ അധികം ഇരട്ടകള്‍ ഇവിടെ ജനിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ആദ്യത്തെ ആറ് മാസം കുട്ടിക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ കൊടിഞ്ഞി ഗ്രാമത്തില്‍ മിക്ക അമ്മമാരും ആറ് മാസത്തിന് മുമ്പ് തന്നെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണങ്ങള്‍ നല്‍കി തുടങ്ങുന്നു. പലരും 18 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് മിശ്രിത ആഹാരം നല്‍കുന്നത് തുടരുന്നു. 2008 ലെ കണക്കുകള്‍ പ്രകാരം കൊടിഞ്ഞി ഗ്രാമത്തില്‍ 280 ജോഡി ഇരട്ടകള്‍ ഉണ്ടായിരുന്നുവെന്നും ഈ എണ്ണം നിരന്തരം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. ഇരട്ടകളില്‍ ഭൂരിഭാഗവും 15 വയസിന് താഴെയുള്ളവരാണ്.
ഇരട്ട കുട്ടികളെ പരിപാലിക്കുന്നത് മൂലം ഏകദേശം എഴുപത് ശതമാനം അമ്മമാര്‍ക്കും കടുത്ത ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ട്. ഊര്‍ജ്ജത്തിന്റേയും പോഷകാഹാരത്തിന്റേയും അഭാവം കാരണം ഇവര്‍ക്ക് പതിവായി മുലയൂട്ടാന്‍ കഴിയുന്നില്ല. ഇവിടുത്തെ അമ്മമാര്‍ക്ക് പ്രത്യേക പോഷകാഹാരം, മുലയൂട്ടല്‍ പിന്തുണാ പരിപാടികള്‍ എന്നിവ അടിയന്തരമായി നടത്തേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ശാസ്ത്രത്തിന് പോലും പിടികൊടുക്കാത്ത പ്രതിഭാസം
ലോകത്ത് ഏറ്റവും കൂടുതല്‍ ഇരട്ടകള്‍ ജനിക്കുന്ന ഇടങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രതിഭാസത്തിന് ശാസ്ത്രീയമായി ഒരു കാരണം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2016 ല്‍ ഹൈദരാബാദിലെ സി.സി.എം.ബി (CCMB), ലണ്ടനിലെ കിങ്‌സ് കേളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ സംയുക്തമായി കൊടിഞ്ഞിയില്‍ പഠനം നടത്തിയിരുന്നു. എങ്കിലും ഈ പ്രതിഭാസത്തിന് പിന്നിലെ കൃത്യമായ ജൈവ മാറ്റം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സാധാരണയായി ഇരട്ടകള്‍ ജനിക്കുന്നത് പാരമ്പര്യമായിട്ടാണ്. എന്നാല്‍ കൊടിഞ്ഞിയില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് എത്തുന്നവരിലും ഇവിടത്തെ പെണ്‍കുട്ടികള്‍ മറ്റ് ഗ്രാമങ്ങളില്‍ പോയി താമസിക്കുമ്പോഴും ഇരട്ട കുട്ടികള്‍ ജനിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ഇത് ഈ പ്രതിഭാസം കേവലം ജനിതകമല്ലെന്ന് സൂചിപ്പിക്കുന്നു.
ഇവിടുത്തെ ജനങ്ങളുടെ ഭക്ഷണ രീതിയും ജീവിത സാഹചര്യങ്ങളും ചുറ്റുമുള്ള മറ്റ് ഗ്രാമങ്ങളിലേതിന് സമാനമാണ്. എന്നിട്ടും കൊടിഞ്ഞിയില്‍ മാത്രം ഈ മാറ്റം പ്രകടമാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. ഗ്രാമത്തിലെ വെള്ളത്തിലോ മണ്ണിലോ ഉള്ള പ്രത്യേക രാസ ഘടകങ്ങളാണോ ഇതിന് പിന്നിലെന്ന് അറിയാന്‍ പല പഠനങ്ങളും നടന്നിട്ടുണ്ട്. വെള്ളത്തിലെ ചില പ്രത്യേക പദാര്‍ത്ഥങ്ങള്‍ സ്ത്രീകളുടെ അണ്ഡോല്‍പാദനത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് പരിശോധിച്ചെങ്കിലും അതിനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
ലോകത്ത് ശരാശരി 1000 ജനനങ്ങളില്‍ നാല് ഇരട്ടകള്‍ എന്നതായിരുന്നു കണക്ക്. എന്നാല്‍ കൊടിഞ്ഞിയില്‍ ഇത് 1000 ല്‍ 45 എന്ന ഉയര്‍ന്ന നിരക്കിലാണ് ഉള്ളത്. കൊടിഞ്ഞിയിലെ ഈ അപൂര്‍വ പ്രതിഭാസം ഇന്നും ശാസ്ത്രത്തിന് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.