മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ജീവനെടുത്ത ബരാമതി വിമാനാപകടത്തിന് കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.
വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റണ്‍വേ കൃത്യമായി കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡി.ജി.സി.എ വ്യക്തമാക്കിയത്. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോഴും റണ്‍വേ കൃത്യമായി കണ്ടിരുന്നില്ല. തുടര്‍ന്ന് വിമാനം ഉയര്‍ന്നു പറന്നു.
പിന്നീട് വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മെയ് ഡേ കോള്‍ വന്നിട്ടില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി. കാഴ്ചപരിധി കുറഞ്ഞതാണ് വിമാന അപകടത്തിനുള്ള കാരണമെന്ന് കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡുവും പറഞ്ഞു.
രണ്ടാം തവണ ലാന്‍ഡിങിന് ശ്രമിക്കുമ്പോള്‍ കാഴ്ച പരിധിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പൈലറ്റുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ലാന്‍ഡിങിന് ശ്രമിക്കവെ അപകടമുണ്ടാവുകയായിരുന്നു എന്ന് അദേഹം പറഞ്ഞു.
മുംബൈയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ ചില പൊതു പരിപാടികളില്‍ പങ്കെടുക്കാനായാണ് അജിത് പവാര്‍ മുംബൈയില്‍ നിന്ന് ജന്മനാടായ ബരാമതിയിലേക്ക് രാവിലെ യാത്ര തിരിച്ചത്. രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ഉള്‍പ്പെടെ മറ്റ് നാലുപേരും സ്വകാര്യ ജെറ്റ് വിമാനത്തിലുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ബാരാമതി വാമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. എല്‍ ആന്‍ഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് തകര്‍ന്നു വീണത്. ലിയര്‍ജെറ്റ് 45 എക്‌സ്.ആര്‍ വിഭാഗത്തില്‍പ്പെട്ട വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു.