കാൻബറ : ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ ജീവന്റെ സാന്നിധ്യം നിലനിൽക്കാൻ സാധ്യതയുള്ള പുതിയ ഗ്രഹം കണ്ടെത്തി. നാസയുടെ കെപ്ലർ കെ-2 ദൗത്യത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കി സതേൺ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകരാണ് HD 137010 b എന്ന ഗ്രഹത്തെ തിരിച്ചറിഞ്ഞത്.
ഭൂമിയേക്കാൾ ആറ് ശതമാനം മാത്രം വലിപ്പമുള്ള ഈ ഗ്രഹത്തിൽ ദ്രാവക രൂപത്തിൽ ജലം നിലനിൽക്കാൻ സാധ്യതയുള്ള താപനിലയാണുള്ളതെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഉപരിതല താപനില -70 ഡിഗ്രിക്ക് താഴെയാണെങ്കിലും ശക്തമായ അന്തരീക്ഷം ഉണ്ടെങ്കിൽ ജീവന് അനുകൂലമായ സാഹചര്യങ്ങൾ ഇവിടെയുണ്ടാകാം.
സാധാരണയായി കണ്ടെത്തുന്ന പല ഗ്രഹങ്ങളും മാതൃനക്ഷത്രത്തോട് ചേർന്നായതിനാൽ ഉയർന്ന റേഡിയേഷൻ ഭീഷണി നേരിടാറുണ്ട്. എന്നാൽ പുതിയ ഗ്രഹത്തിന് ഈ ഭീഷണി കുറവാണെന്നും ഇത് ജീവന്റെ നിലനിൽപ്പിന് കൂടുതൽ സാധ്യത നൽകുന്നുവെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. ചെൽസി ഹുവാങ് വ്യക്തമാക്കി.