പെർത്ത്: ലാഭക്കണക്കുകൾക്കപ്പുറം വിശ്വാസവും ജീവനക്കാരുടെ ക്ഷേമവും മുൻനിർത്തി പ്രവർത്തിക്കുന്ന അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്ക്ഫിലേ വീണ്ടും ലോകത്തിന് മാതൃകയാകുന്നു. ആഴ്ചയിൽ ഒരു ദിവസം അതായത് ഞായറാഴ്ചകളിൽ തങ്ങളുടെ റെസ്റ്റോറന്റുകൾ പൂർണമായി അടച്ചിടുന്ന നയം തുടരുമ്പോഴും, 2025-ൽ 23.9 ബില്യൺ ഡോളറിന്റെ (ഏകദേശം ഇരുപത്തിനാല് ബില്യൺ ഡോളർ) റെക്കോർഡ് വിൽപ്പനയാണ് ഈ പ്രമുഖ കമ്പനി സ്വന്തമാക്കിയത്.
ക്രൈസ്തവർക്ക് ഞായറാഴ്ച വെറുമൊരു അവധിദിനമല്ല, മറിച്ച് യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിക്കുന്ന കർത്തൃദിനമാണ്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, ദൈവത്തെ ആരാധിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നിവ ക്രൈസ്തവ ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് 1946-ൽ സ്ഥാപകനായ എസ്. ട്രൂറ്റ് കാത്തിയാണ് ഞായറാഴ്ചകളിൽ കടകൾ അടച്ചിടുന്ന നയത്തിന് തുടക്കമിട്ടത്. ജീവനക്കാർക്ക് ദൈവത്തെ ആരാധിക്കാനും വിശ്രമിക്കാനും, കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം കഴിയാനുമുള്ള അവസരമൊരുക്കുക എന്ന മഹത്തായ ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ. ലാഭം മാത്രം ലക്ഷ്യമാക്കുന്ന ഇന്നത്തെ വാണിജ്യ ലോകത്ത് ഈ നിലപാട് വലിയൊരു വിപ്ലവമാണ്.
പെർത്തിലെയും ഓസ്ട്രേലിയയിലെയും ബിസിനസ് ഉടമകൾക്ക് ചിക്ക്ഫിലേയുടെ ഈ വിജയമാതൃക വലിയൊരു പാഠമാണ്. എല്ലാ സ്ഥാപനങ്ങളും ഞായറാഴ്ചകളിൽ പൂർണമായി അടച്ചിടാൻ കഴിഞ്ഞില്ലെങ്കിൽ പോലും ക്രൈസ്തവരായ ജീവനക്കാർക്ക് ഞായറാഴ്ചകളിൽ ആരാധനയിൽ പങ്കെടുക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഉടമകൾക്ക് സാധിക്കും.
"ഞായറാഴ്ചയുടെ വിശുദ്ധിയെ മാനിച്ചുകൊണ്ടും സാമ്പത്തിക വിജയം നേടാനാകുമെന്ന് ചിക്ക്ഫിലേയുടെ അനുഭവം ലോകത്തിന് തെളിയിച്ചുതരുന്നു."
മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ ക്ഷേമത്തിന് പ്രാധാന്യം നൽകുന്ന ഒരു പുതിയ ബിസിനസ് സംസ്കാരം ഓസ്ട്രേലിയയിലും മറ്റ് രാജ്യങ്ങളിലും വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദൈവത്തെ മുൻനിർത്തി നടത്തുന്ന ഏത് സംരംഭവും ഒരിക്കലും പരാജയപ്പെടില്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ചിക്ക്ഫിലേയുടെ ഈ ചരിത്ര വിജയം.