വാഷിങ്ടണ്‍: അതിശൈത്യം കണക്കിലെടുത്ത് ഉക്രെയ്‌നില്‍ ഒരാഴ്ചത്തേക്ക് ആക്രമണം നടത്തരുതെന്ന തന്റെ ആവശ്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ കാബിനറ്റ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് പുടിന്‍ തന്റെ അഭ്യര്‍ഥന അംഗീകരിച്ച കാര്യം ട്രംപ് അറിയിച്ചത്.
എന്നാല്‍ റഷ്യ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കടുത്ത തണുപ്പിനിടെയും ഉക്രെയ്‌ന്റെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം തുടരുകയാണ്.
'മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് കീവിലും സമീപന ഗരങ്ങളിലും ആക്രമണം നടത്തുന്നത് ഒരാഴ്ചത്തേക്ക് നിര്‍ത്തി വെയ്ക്കണമെന്ന് ഞാന്‍ പുടിനോട് നേരിട്ട് അഭ്യര്‍ഥിച്ചിരുന്നു. അദേഹം അതിന് സമ്മതിച്ചു.
പുടിനെ വിളിക്കുന്ന ഫോണ്‍കോള്‍ പാഴാക്കേണ്ടെന്നും അത് നടക്കാന്‍ പോകില്ലെന്നും നിരവധി പേര്‍ പറഞ്ഞു. എന്നാല്‍, അദേഹം അത് ചെയ്തു. ഇത് അപ്രതീക്ഷിതമായ ഒരു വെടിനിര്‍ത്തല്‍ കരാറാണ്' - ട്രംപ് പറഞ്ഞു.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ തുടരുന്നതിനിടെ സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യ വീണ്ടും ഉക്രെയ്‌നെ ക്ഷണിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ സമാധാന ചര്‍ച്ചയ്ക്കായി മോസ്‌കോയിലേക്ക് ക്ഷണിച്ചതായാണ് റഷ്യ അറിയിച്ചത്.