ആവേശമുയർത്തി ദീപശിഖാ പ്രയാണം; ശൈത്യകാല ഒളിംപിക്‌സിന് ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറ്റലി

ആവേശമുയർത്തി ദീപശിഖാ പ്രയാണം; ശൈത്യകാല ഒളിംപിക്‌സിന് ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറ്റലി

മിലാൻ: ലോകം ഉറ്റുനോക്കുന്ന ശൈത്യകാല ഒളിംപിക്‌സിന് വേദിയാകാൻ ഇറ്റലി ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 6-ന് മിലാനിലെ ഐതിഹാസികമായ സാൻ സിറോ സ്റ്റേഡിയത്തിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങോടെ 25-ാമത് വിന്റർ ഒളിംപിക്‌സിന് കൊടിയേറും. ഇതിന് മുന്നോടിയായി റോമിൽ നിന്ന് തുടങ്ങിയ 12,000 കിലോമീറ്റർ നീളുന്ന ദീപശിഖാ പ്രയാണം ഇറ്റലിയുടെ ഹൃദയത്തിലൂടെ ചരിത്രമുറങ്ങുന്ന വീഥികളിലൂടെ മുന്നേറുകയാണ്.

'ഫ്ലോട്ടിംഗ് സിറ്റി' എന്നറിയപ്പെടുന്ന വെനീസിലെ കനാലുകളിലൂടെ, ഗോണ്ടോളയിലുള്ള ദീപശിഖാ പ്രയാണം കാണികൾക്ക് വിരുന്നായി. ചരിത്രപ്രസിദ്ധമായ റിയാൽട്ടോ ബ്രിഡ്ജിന് താഴെ കൂടി ഒളിംപിക് ദീപം കടന്നുപോയപ്പോൾ ആയിരങ്ങളാണ് സാക്ഷികളായത്. ഇപ്പോൾ ദൊളോമൈറ്റ് പർവ്വതനിരകളുടെ മഞ്ഞുവീണ മനോഹാരിതയിലേക്കാണ് ദീപശിഖ എത്തിയിരിക്കുന്നത്.

70 വർഷങ്ങൾക്ക് മുൻപ് (1956) ഒളിംപിക്‌സിന് വേദിയായ കോർട്ടീന ഡി ആമ്പെസ്സോയിലേക്ക് ദീപശിഖ വീണ്ടും എത്തിയത് വൈകാരിക നിമിഷമായി. വെറും 5,000 ജനസംഖ്യയുള്ള ഈ കൊച്ചു മഞ്ഞുനഗരം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിലെത്തുകയാണ്. ആൽപൈൻ സ്കീയിങ് അടക്കമുള്ള സാഹസിക മത്സരങ്ങൾക്ക് കോർട്ടീന വേദിയാകും.

മിലാൻ എസി കോച്ച് മാസിമിലിയാനോ അല്ലെഗ്രി, എഫ് വൺ താരം കിമി ആന്റനെല്ലി തുടങ്ങി പ്രമുഖരാണ് ദീപശിഖയേന്തിയത്. ഫെരാരിയുടെ ആസ്ഥാനമായ മാരനെല്ലോയിലൂടെയും ദീപശിഖ കടന്നുപോയി. 93 രാജ്യങ്ങളിൽ നിന്നായി 3,500-ലധികം താരങ്ങൾ മാറ്റുരയ്ക്കുന്ന കായിക മാമാങ്കത്തിനാണ് ഫെബ്രുവരി ആറിന് തിരിതെളിയുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.