ലിവര്‍പൂള്‍ എഫ്‌സി ഓഹരികള്‍ വാങ്ങാന്‍ ജെഫ് ബെസോസും എഡുവാര്‍ഡോ സാവെറിനും; ചരിത്ര കരാറിനൊരുങ്ങി അമിത് ഭാട്ടിയയുടെ കണ്‍സോര്‍ഷ്യം

ലിവര്‍പൂള്‍ എഫ്‌സി ഓഹരികള്‍ വാങ്ങാന്‍ ജെഫ് ബെസോസും എഡുവാര്‍ഡോ സാവെറിനും; ചരിത്ര കരാറിനൊരുങ്ങി അമിത് ഭാട്ടിയയുടെ കണ്‍സോര്‍ഷ്യം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നിര്‍ണായക ഓഹരികള്‍ സ്വന്തമാക്കാന്‍ ലോകത്തെ മുന്‍നിര കോടീശ്വരന്മാര്‍ കൈകോര്‍ക്കുന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ഫേസ്ബുക്ക് സഹസ്ഥാപകന്‍ എഡുവാര്‍ഡോ സാവെറിന്‍, പ്രമുഖ വ്യവസായി അമിത് ഭാട്ടിയ എന്നിവരടങ്ങുന്ന നിക്ഷേപക സംരംഭമാണ് ക്ലബിന്റെ മൂന്നിലൊന്ന് ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്.

ക്ലബിന്റെ നിലവിലെ ഉടമകളായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി. ലിവര്‍പൂള്‍ എഫ്‌സിയുടെ ഏകദേശം 30 ശതമാനം വരുന്ന മൈനോറിറ്റി ഓഹരികള്‍ കൈമാറുന്നതിലൂടെ ഏകദേശം 1.8 ബില്യണ്‍ മുതല്‍ രണ്ട് ബില്യണ്‍ ഡോളര്‍ വരെയുള്ള വന്‍ നിക്ഷേപമാണ് ക്ലബിലേക്ക് എത്തുന്നത്. ഈ ഇടപാടോടെ ലിവര്‍പൂളിന്റെ മൊത്തം വിപണി മൂല്യം ആറ് ബില്യണ്‍ ഡോളര്‍ (ഏകദേശം 4.4 ബില്യണ്‍ പൗണ്ട്) ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. കായിക ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായി ഇത് മാറും. വരും ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

ഇന്ത്യന്‍ വംശജനായ വ്യവസായി അമിത് ഭാട്ടിയയുടെ നേതൃത്വത്തിലാണ് ഈ കണ്‍സോര്‍ഷ്യം രൂപീകരിച്ചിരിക്കുന്നത്. ആയ്ബി ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനായ അദേഹം മുന്‍പ് ഇംഗ്ലീഷ് ക്ലബായ ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിന്റെ സഹഉടമയായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ വ്യവസായി ലക്ഷ്മി മിത്തലിന്റെ മരുമകന്‍ കൂടിയാണ് അമിത് ഭാട്ടിയ. ആഗോളതലത്തില്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ജെഫ് ബെസോസും എഡുവാര്‍ഡോ സാവെറിനും അമിത് ഭാട്ടിയക്കൊപ്പം കൈകോര്‍ക്കുന്നത്.

2010 ല്‍ കേവലം 300 ദശലക്ഷം പൗണ്ടിനാണ് ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ലിവര്‍പൂളിനെ വാങ്ങിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് അടക്കം നിരവധി കിരീടങ്ങള്‍ ക്ലബ് സ്വന്തമാക്കി. പുതിയ നിക്ഷേപം എത്തുന്നതോടെ ടീമിന്റെ കൂടുതല്‍ വികസനത്തിനും പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിനും വലിയ സാമ്പത്തിക പിന്തുണ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.