മക്കളുടെ സാന്നിധ്യത്തില്‍ മോതിരം കൈമാറി; 10 വര്‍ഷത്തെ പ്രണയത്തിന് സഫലത: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

മക്കളുടെ സാന്നിധ്യത്തില്‍ മോതിരം കൈമാറി; 10 വര്‍ഷത്തെ പ്രണയത്തിന് സഫലത: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

ലിസ്ബണ്‍: ലോക ഫുട്‌ബോളിലെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളിയും പ്രശസ്ത മോഡലുമായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. പോര്‍ച്ചുഗലിലെ കസ്‌കായിസിലുള്ള റിസോര്‍ട്ടില്‍ വെച്ച് നടന്ന അത്യന്തം സ്വകാര്യമായ ചടങ്ങിലായിരുന്നു ഇരുവരും ഔദ്യോഗികമായി ഒന്നിച്ചത്. അഞ്ച് മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാനിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങുകള്‍ക്ക് ശേഷം, വിവാഹമോതിരം ധരിച്ച കൈകോര്‍ത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഈ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്.

നീണ്ട പത്ത് വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവിലാണ് മുപ്പത്തൊന്‍പതുകാരനായ റൊണാള്‍ഡോയും മുപ്പതുകാരിയായ ജോര്‍ജിനയും വിവാഹിതരാകുന്നത്. 2016 ല്‍ മാഡ്രിഡിലെ ഗുച്ചി ഷോറൂമില്‍ സെയില്‍സ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ജോര്‍ജിനയെ റൊണാള്‍ഡോ ആദ്യം കണ്ടുമുട്ടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

2025 ഓഗസ്റ്റ് 11 ന് ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നു. അതിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് വിവാഹച്ചടങ്ങുകള്‍ ഔദ്യോഗികമായി പൂര്‍ത്തിയായത്. കഴിഞ്ഞ ദിവസങ്ങളില്‍ പോര്‍ച്ചുഗലിലെ മെദീരിയയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഫുഞ്ചാല്‍ കത്തീഡ്രലില്‍ വെച്ച് റൊണാള്‍ഡോയുടെ വിവാഹം നടക്കാന്‍ പോകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ കുടുംബാംഗങ്ങള്‍ വാര്‍ത്ത നിഷേധിച്ചുവെങ്കിലും കത്തീഡ്രലിന് മുന്നില്‍ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. എന്നാല്‍ അവിടെ നടക്കാനിരുന്ന മറ്റൊരു പ്രാദേശിക ദമ്പതികളുടെ വിവാഹച്ചടങ്ങിലേക്കാണ് ആരാധകര്‍ റൊണാള്‍ഡോയെ കാത്ത് എത്തിയത്.

ആരാധകരുടെ വന്‍ തിരക്കും മാധ്യമ ശ്രദ്ധയും ഒഴിവാക്കാനാണ് പോര്‍ച്ചുഗല്‍ തീരദേശ നഗരമായ കസ്‌കായിസില്‍ തികച്ചും സ്വകാര്യമായ ചടങ്ങ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് താരത്തിന്റെ വക്താക്കള്‍ അറിയിച്ചു. ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ ഉള്‍പ്പെടെ സ്‌പോര്‍ട്‌സ് ലോകത്തെ പ്രമുഖര്‍ ഇരുവരുടെയും വിവാഹ വാര്‍ത്ത സ്ഥിരീകരിക്കുകയും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.