അബോർഷൻ ക്ലിനിക്കിന് സമീപം നിശബ്ദ പ്രാർത്ഥന; ‘ചിന്താക്കുറ്റം’ ആരോപിച്ച് യുകെയിൽ ചരിത്രപരമായ വിചാരണ

അബോർഷൻ ക്ലിനിക്കിന് സമീപം നിശബ്ദ പ്രാർത്ഥന; ‘ചിന്താക്കുറ്റം’ ആരോപിച്ച് യുകെയിൽ ചരിത്രപരമായ വിചാരണ

ലണ്ടൻ: അബോർഷൻ ക്ലിനിക്കിന് സമീപം നിശബ്ദമായി പ്രാർത്ഥിച്ചു എന്നാരോപിച്ച് യുകെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രിസ്ത്യൻ വനിത കോടതിയിൽ കുറ്റം നിഷേധിച്ചു. ബർമിങ്ഹാം സ്വദേശിയായ ഇസബെൽ വോൺ-സ്പ്രൂസ് (48) ആണ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. 'ചിന്താക്കുറ്റം' ആരോപിച്ച് യുകെയിൽ നടക്കുന്ന ആദ്യത്തെ വിചാരണകളിലൊന്നാകും ഇത് എന്നത് കേസിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

​ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇസബെൽ, താൻ ആരെയും തടയുകയോ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ദൈവത്തെ ധ്യാനിച്ച് നിശബ്ദയായി നിൽക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.

ബർമിങ്ഹാമിലെ അബോർഷൻ ക്ലിനിക്കിന് 150 മീറ്റർ ചുറ്റളവിൽ സർക്കാർ 'ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. 2023 ലെ പബ്ലിക് ഓർഡർ ആക്ട് പ്രകാരം ഈ പരിധിക്കുള്ളിൽ അബോർഷൻ സേവനങ്ങൾ തേടുന്നവരെ സ്വാധീനിക്കുന്നതോ തടസപ്പെടുത്തുന്നതോ കുറ്റകരമാണ്. എന്നാൽ ഈ പരിധിക്കുള്ളിൽ നിശബ്ദയായി നിന്നുകൊണ്ട് പ്രാർത്ഥിച്ചു എന്നതാണ് ഇസബെലിനെതിരെയുള്ള കുറ്റം.

കോടതിയിൽ ഇസബെൽ നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽത്തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. "ഞാൻ പോസ്റ്ററുകൾ പിടിക്കുകയോ, ലഘുലേഖകൾ വിതരണം ചെയ്യുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒരു പൊതുസ്ഥലത്ത് നിശബ്ദയായി നിന്ന് മനസ്സിൽ പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തത്. നിൽക്കുന്നതോ, നിശബ്ദയായിരിക്കുന്നതോ, ചിന്തിക്കുന്നതോ ഒരു കുറ്റകൃത്യമല്ല," ഇസബെൽ കോടതിയിൽ പറഞ്ഞു.

​ഇസബെലിന്റെ നടപടി അബോർഷൻ ക്ലിനിക്കിലെത്തുന്നവർക്ക് മാനസിക പ്രയാസമുണ്ടാക്കി എന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പൗരന്റെ ചിന്താസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് പുതിയ നിയമമെന്ന് ഇസബെലിന് വേണ്ടി ഹാജരായ മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് അഭിഭാഷകർ വാദിച്ചു.

​സമാനമായ സംഭവത്തിൽ മുൻപ് രണ്ടുതവണ ഇസബെലിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുറ്റക്കാരില്ലെന്ന് കണ്ട് വെറുതെ വിടുകയും പൊലീസ് 13,000 പൗണ്ട് നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ പുതിയ ദേശീയ നിയമം വന്നതിന് ശേഷമുള്ള ആദ്യ കേസാണിത്. ഒക്ടോബർ ആറ് മുതൽ ഒമ്പത് വരെയാണ് കേസിന്റെ വിചാരണ നടക്കുക.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.