കൂടുതല്‍ സൈനിക സന്നാഹങ്ങളുമായി അമേരിക്ക; ഡ്രോണുകള്‍ വിന്യസിച്ച് ഇറാന്‍: യുദ്ധ ഭീതിയില്‍ പുകഞ്ഞ് പശ്ചിമേഷ്യ

കൂടുതല്‍ സൈനിക സന്നാഹങ്ങളുമായി അമേരിക്ക; ഡ്രോണുകള്‍ വിന്യസിച്ച് ഇറാന്‍: യുദ്ധ ഭീതിയില്‍ പുകഞ്ഞ് പശ്ചിമേഷ്യ

ടെഹ്‌റാന്‍: പരസ്പരമുള്ള പോര്‍വിളികള്‍ക്ക് പിന്നാലെ അമേരിക്കന്‍ നാവിക സേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിടുകയും, ആക്രമിച്ചാല്‍ തിരിച്ചടിക്കും എന്ന മുന്നറിയിപ്പോടെ ഇറാന്‍ കൂടുതല്‍ ഡ്രോണുകള്‍ വിന്യസിക്കുകയും ചെയ്തതോടെ പശ്ചിമേഷ്യ കനത്ത യുദ്ധ ഭീതിയില്‍.

അമേരിക്കയുടെ വിമാനവാഹിനി കപ്പലടങ്ങുന്ന വമ്പന്‍ സൈനിക വ്യൂഹം പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങള്‍. ഇസ്രയേലിലെ ചെങ്കടല്‍ തുറമുഖ നഗരമായ എയ്‌ലാത്തിലാണ് യു.എസ്.എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് എന്ന യുദ്ധക്കപ്പലിനെ വിന്യസിച്ചിരിക്കുന്നത്.

ടോമഹോക്ക് ക്രൂസ് മിസൈലുകള്‍ വഹിക്കുന്ന ഈ കപ്പലിന് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുകയാണെങ്കില്‍ പ്രതിരോധിക്കുക എന്നതുകൂടി ഉദ്ദേശിച്ചാണ് കപ്പലിനെ വിന്യസിച്ചതെന്നാണ് വിലയിരുത്തല്‍.

അമേരിക്ക ആക്രമിച്ചാല്‍ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയ്ക്ക് സൈനിക താവളങ്ങളുണ്ട്. ഇറാന്‍ ഇവയെ ആക്രമിച്ചാല്‍ സംഘര്‍ഷം പശ്ചിമേഷ്യയാകെ വ്യാപിക്കാന്‍ കാരണമായേക്കാം എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കുന്നതിനായി നിലവില്‍ ഇറാഖില്‍ അമേരിക്ക സൈനികരെ വിന്യസിച്ചിട്ടുണ്ട്. കുവൈറ്റില്‍ അമേരിക്കയ്ക്ക് ക്യാമ്പ് ആരിഫ് ജാന്‍, അലി അല്‍ സലേം എയര്‍ബേസ് തുടങ്ങി സൈനിക താവളങ്ങളുണ്ട്. യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ബഹ്‌റിനില്‍ അമേരിക്കന്‍ നാവിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസിലും അമേരിക്കയുടെ സൈനികരുണ്ട്. യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസിലും അമേരിക്കയുടെ യുദ്ധ വിമാനങ്ങളും ഡ്രോണുകളുമുണ്ട്. ഇവയെ ഇറാന്‍ ലക്ഷ്യം വയ്ക്കുമോ എന്നതാണ് ആശങ്ക.

കഴിഞ്ഞ ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയപ്പോള്‍ ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തിലേക്കാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്.

അതിനിടെ ഇറാന്റെ ആണവ നിലയങ്ങളില്‍ കമാന്‍ഡോ ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൈനിക നീക്കങ്ങള്‍ അമേരിക്ക പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. അതേസമയം അമേരിക്കന്‍ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ആയുധ ശേഖരത്തില്‍ പുതിയ ആയിരം 'സ്ട്രാറ്റജിക് ഡ്രോണുകള്‍' ഉള്‍പ്പെടുത്തിയതായി ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും വിമാനവാഹിനി കപ്പലുകളെയും തല്‍ക്ഷണം ആക്രമിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിട്ടുമുണ്ട്. അതിനിടെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത ആക്രമണത്തിനായി ഇസ്രയേല്‍ ശ്രമിക്കുന്നുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാനും യുദ്ധം ഒഴിവാക്കാനും മധ്യസ്ഥത വഹിക്കാന്‍ തുര്‍ക്കി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തുര്‍ക്കി പ്രസിഡന്റ് ത്വയിബ് ഉര്‍ദുഗാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഇക്കാര്യം സംസാരിക്കുകയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയില്‍ എത്തുകയും ചെയ്തു.

മേഖലയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ വിസമ്മതിച്ചതുമാണ് കാര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ വഷളാക്കിയത്.

അതിനിടെ ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമര്‍ത്തലില്‍ പ്രതിഷേധിച്ച് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ യൂറോപ്യന്‍ യൂണിയന്‍ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. 21 ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.