മനാഗ്വ: നിക്കരാഗ്വയിൽ കത്തോലിക്കാ വിശ്വാസത്തിന് മേൽ ഭരണകൂടം വീണ്ടും ഇരുമ്പുമറ തീർക്കുന്നു. ദേവാലയങ്ങളുടെ നാല് ചുവരുകൾക്ക് പുറത്തേക്ക് ഇറങ്ങരുതെന്നും വീടുകൾ സന്ദർശിക്കരുതെന്നും വൈദികർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണകൂടം.
ലിയോൺ രൂപതയിലാണ് ആദ്യഘട്ടമായി ഈ നിരോധനം നടപ്പിലാക്കിയിരിക്കുന്നത്. ലാറ്റിൻ അമേരിക്കൻ സഭയുടെ ജീവശ്വാസമായ ഭവന സന്ദർശനങ്ങൾക്കാണ് ഇതോടെ വിലക്ക് വീഴുന്നത്. രോഗികളെയും വയോജനങ്ങളെയും വീടുകളിൽ ചെന്ന് കാണുന്നതിനും ആശ്വസിപ്പിക്കുന്നതിനും വൈദികർക്കും സന്യാസിനികൾക്കും ഇനി അനുവാദമില്ല. എല്ലാ ആത്മീയ ശുശ്രൂഷകളും പള്ളിക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കണമെന്നാണ് അധികൃതരുടെ കൽപ്പന.
സാധാരണ ജനങ്ങളും സഭയും തമ്മിലുള്ള ബന്ധം അറുത്തുമാറ്റാനുള്ള ഒർട്ടേഗ ഭരണകൂടത്തിന്റെ ഗൂഢനീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ദരിദ്രരും അശരണരുമായ ജനവിഭാഗങ്ങൾക്ക് സഭ നൽകുന്ന സാന്ത്വനം ഇല്ലാതാക്കുകയാണ് ലക്ഷ്യം. വൈദികരുടെ പിന്നാലെ നിഴൽ പോലെ പോലീസും ചാരന്മാരുമുണ്ട്. പല ബിഷപ്പുമാരും നാടുകടത്തപ്പെട്ടു. അവശേഷിക്കുന്നവർ തടവറയിലോ നിരീക്ഷണത്തിലോ ആണ്. വിശ്വാസം കാത്തുസൂക്ഷിക്കാൻ നിക്കരാഗ്വയിലെ ക്രിസ്ത്യാനികൾ വലിയ വില നൽകേണ്ടി വരുന്നു.