കോട്ടയം: തലേന്ന് രാത്രി ഇന്‍ഷൂറന്‍സ് കാലാവധി കഴിഞ്ഞ കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കാറുടമയും മകനും ചേര്‍ന്ന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കോട്ടയം നട്ടാശരി എസ്.എച്ച് മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ. വേണു(19) മരിച്ച സംഭവത്തിലാണ് കോട്ടയം അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി എസ്.സുഭാഷ് വിധി പ്രഖ്യാപിച്ചത്.
2023 മാര്‍ച്ച് 27 ന് വൈകുന്നേരം 4:25 നായിരുന്നു അപകടം. കോട്ടയം-കുമളി എന്‍.എച്ച് 183 റോഡില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് ഓടിച്ചുവന്ന കാര്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂളിന് മുന്‍പില്‍ എത്തിയപ്പോള്‍ എതിരേവന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അനന്തു കെ. വേണു ബൈക്കില്‍ നിന്ന് തെറിച്ച് മുഖമടിച്ച് വീഴുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് തന്നെ മരണപ്പെട്ടിരുന്നു. തലേ ദിവസം അര്‍ധരാത്രി വരെ യുണൈറ്റഡ് ഇന്ത്യ കമ്പനിയില്‍ കാറിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തില്‍ കൊഴിയാത്താനത്ത് സമീര്‍ മന്‍സിലില്‍ ബിനീതയുടെ കാര്‍ ഓടിച്ചിരുന്നത് 19 വയസുള്ള മകന്‍ നബീല്‍ ബഷീര്‍ ആയിരുന്നു.
കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അനന്തുവിന്റെ മാതാപിതാക്കള്‍ നഷ്ട പരിഹാരത്തിനായി കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. വി.ബി ബിനു കോടതിയില്‍ ഹാജരായി. കൃത്യസമയത്ത് വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പുതുക്കുക എന്നത് എത്രമാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധിയെന്ന് അദേഹം പറഞ്ഞു.