കിട്ടിയത് കടലാമ സംരക്ഷണ കേന്ദ്രവും ധാതു ഇടനാഴിയും.
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിന് മെച്ചപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷ പൊലിഞ്ഞു. കേരളം ഏറെ പ്രതീക്ഷിച്ച എയിംസ് പ്രഖ്യാപനം ഉണ്ടായില്ല എന്നു മാത്രമല്ല, നിര്‍ണായകമായ അതിവേഗ റെയില്‍ ഇടനാഴിയിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. 12 പുതിയ ജല പാതകളിലും കേരളമില്ല. കിട്ടിയത് കടലാമ സംരക്ഷണ കേന്ദ്രവും ധാതു ഇടനാഴിയും മാത്രം.
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍ ഇടനാഴിയില്‍ ഉള്‍പ്പെടുത്താതിരുന്നത് സംസ്ഥാനത്തിന് തിരിച്ചടിയായി. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബംഗളൂരു, ഹൈദരാബാദ് -ചെന്നൈ, ചെന്നൈ-ബംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗുരി എന്നീ ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി ബജറ്റില്‍ പഖ്യാപിച്ചത്.
ഇതോടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ 'കേരളം, കേരളം' എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് പ്രതിഷേധിച്ചു. ധാതു ഇടനാഴിയില്‍ മാത്രമാണ് കേരളമുള്ളത്. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തിയാണ് ഇടനാഴി പ്രഖ്യാപിച്ചത്.
പുതിയ ആദായ നികുതി നിയമം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. നികുതി നിയമങ്ങള്‍ ലഘൂകരിക്കും. ജൂലൈ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. പരിശോധനയ്ക്ക് ശേഷവും ടാക്‌സ് റിട്ടേണ്‍ വിവരം പുതുക്കാം.
വിദേശയാത്രാ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കി. പ്രവാസികളുടെ സ്ഥാവര വസ്തുക്കളുടെ കൈമാറ്റത്തിനും നികുതി കുറയ്ക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് അഞ്ച് ശതമാനത്തില്‍നിന്ന് രണ്ട് ശതമാനമാക്കി.
വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതി ചുമത്തില്ല. ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047 വരെ ടാക്‌സ് ഹോളിഡേ ആണ്. 17 അര്‍ബുദ രോഗ മരുന്നുകളുടെ നികുതിയും കുറയ്ക്കും. വിദേശത്തേക്ക് പണം അയയ്ക്കാന്‍ നികുതി കുറയും. വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷയുണ്ടാകും.
മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
എയിംസ് മാതൃകയില്‍ മൂന്ന് പുതിയ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും.
മെഡിക്കല്‍ ടൂറിസത്തിന് പ്രത്യേക പദ്ധതി.
കന്നുകാലി വളര്‍ത്തലിന് സബ്സിഡി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍.
സംസ്ഥാനങ്ങള്‍ക്ക് 1.4 ലക്ഷം കോടി രൂപ ഫിനാന്‍സ് കമ്മിഷന്‍ ഗ്രാന്റ്.
നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പദ്ധതി.
ബയോ ഫാര്‍മയ്ക്ക് 10,000 കോടി രൂപ.
കടലാമ പരിചരണത്തിന് കേരളത്തില്‍ പ്രത്യേക കേന്ദ്രം.
വനിതാ ശാക്തീകരണത്തിന് ഷീ മാര്‍ട്ടുകള്‍.
എല്ലാ ജില്ലയിലും വിദ്യാര്‍ഥിനികള്‍ക്കായി ഹോസ്റ്റല്‍.
സ്‌കൂളുകളില്‍ കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍.
അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിങ് മേഖലകള്‍ക്ക് സഹായം.
കായിക മേഖലയുടെ വികസനത്തിന് ഖേലോ ഇന്ത്യ ദൗത്യം.
സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി.
കണ്ടെയ്‌നര്‍ നിര്‍മാണത്തിന് പ്രത്യേക പദ്ധതി.
ആണവ പദ്ധതി വസ്തുക്കളുടെ ഇറക്കുമതി ഇളവ് തുടരും.
സെമികണ്ടക്ടര്‍ വ്യവസായത്തിന് ഗവേഷണ, പരിശീലന കേന്ദ്രങ്ങള്‍.