ബംഗളുരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയ വ്യവസായ പ്രമുഖന്‍ ഡോ. സി.ജെ റോയിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
അന്ത്യനിദ്രയ്ക്കായി റോയ് മുന്‍കൂട്ടി തിരഞ്ഞെടുത്ത സ്വന്തം റിസോര്‍ട്ടായ ബെംഗളൂരുവിലെ ബന്നാര്‍ഘട്ട റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്‌സ് ലക്ഷ്വറിയിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. 2.30 ന് കാല്‍ക്കരെ സെന്റ് ജോസഫ്സ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ നടത്തി. പിന്നാലെ റിസോര്‍ട്ടിലേക്കെത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്‌സ് ലക്ഷ്വറി കാസ്‌കേഡില്‍ പൊതുദര്‍ശനം ഒരുക്കിയ ശേഷമായിരുന്നു സംസ്‌കാരം. നാട്ടുകാരും വ്യവസായ പ്രമുഖരും സിനിമാ പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനാളുകള്‍ റോയിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തി.
നേച്ചേഴ്‌സ് ലക്ഷ്വറിയില്‍ വികാര നിര്‍ഭര രംഗങ്ങളായിരുന്നു പൊതുദര്‍ശനത്തിനിടെ കണ്ടത്. ഭാര്യ, സഹോദരന്‍, മക്കള്‍ ഉള്‍പ്പെടെ അന്ത്യചുംബനം നല്‍കി യാത്രയാക്കി. കോണ്‍ഫഡന്റ് ഗ്രൂപ്പിലെ നിരവധി ജീവനക്കാരും തങ്ങളുടെ പ്രിയപ്പെട്ട ബോസിന് അന്ത്യ യാത്രാമൊഴി നല്‍കാന്‍ എത്തിയിരുന്നു.
ആദായനികുതി റെയ്ഡിനിടെ ജനുവരി 30 നാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. റോയി ജീവനൊടുക്കിയതിന്റെ കാരണം ഇന്‍കംടാക്‌സ് നടത്തിയ സമ്മര്‍ദ്ദമാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഡിസംബര്‍ മൂന്നിനാണ് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ആദ്യം ബംഗളൂരു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തിയത്. ഏറ്റവും ഒടുവില്‍ ജനുവരി 30 ന് വീണ്ടും ബംഗളൂരുവിലെത്തിയ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് റോയ് സ്വയം വെടിവച്ച് ജീവനൊടുക്കിയത്.
അതിനിടെ ജനുവരി 30 ന് രാവിലെ 11 മണിയോടെ റെയ്ഡ് പ്രശ്‌നമാകുന്നു എന്ന് വ്യക്തമാക്കി 'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള സഹോദരന്‍ ബാബുവിന് സി.ജെ റോയ് സന്ദേശം അയച്ചതായും വിവരമുണ്ട്. ഇതിന് പിന്നാലെയാണ് റോയി ജീവനൊടുക്കിയത്.
അതേസമയം റോയിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കര്‍ണാടക സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വെസ്റ്റ് സോണ്‍ ജോയിന്റ് കമ്മീഷണര്‍ സി. വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് ജോയിന്റ് ഡയറക്ടറെ അടക്കം കര്‍ണാടക സിഐഡി ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു.