കേരളത്തില്‍ അതിവേഗ റെയില്‍ വരും; ഇ. ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകും: റെയില്‍വേ മന്ത്രി

കേരളത്തില്‍ അതിവേഗ റെയില്‍ വരും; ഇ. ശ്രീധരന്റെ  പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകും: റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് വന്‍ വര്‍ധനവാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് അദേഹം പറഞ്ഞു.

3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടു പോകുന്നതിനെയും മന്ത്രി പിന്തുണച്ചു.

'ശ്രീധരന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. കേരളത്തിന്റെ റെയില്‍വേ വികസനത്തെക്കുറിച്ച് അദേഹത്തോട് ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍വേ വരും. റെയില്‍വേ പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേരള സര്‍ക്കാരിന്റെ സജീവ സഹകരണം ആവശ്യമാണ്.

റെയില്‍ വികസനത്തിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. സംസ്ഥാനത്ത് പണിയാനുദ്ദേശിക്കുന്ന 105 മേല്‍പ്പാലങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്' - മന്ത്രി പറഞ്ഞു.

മംഗലാപുരം-ഷൊര്‍ണൂര്‍ നാലാം പാതയുടെ ഡിപിആര്‍ ഉടന്‍ പൂര്‍ത്തിയാകും. 106 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. തിരുവനന്തപുരം-നാഗര്‍കോവില്‍ മൂന്നാംപാതയ്ക്കായുള്ള സര്‍വേ പുരോഗമിക്കുകയാണെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.