സിന്ധു നദീജല കരാര്‍: അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി ഉത്തരവ് തള്ളി ഇന്ത്യ; വെള്ളമില്ലാതെ വലഞ്ഞ് പാകിസ്ഥാന്‍

സിന്ധു നദീജല കരാര്‍: അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതി ഉത്തരവ് തള്ളി ഇന്ത്യ; വെള്ളമില്ലാതെ വലഞ്ഞ് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പരാതിയില്‍ ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവുകള്‍ ഇന്ത്യ തള്ളി.

കോടതി നടപടികള്‍ നിയമ വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ നിയമ സാധുതയില്ലെന്നും വ്യക്തമാക്കി. അതിനാല്‍ കോടതി നിര്‍ദേശ പ്രകാരമുള്ള രേഖകള്‍ ഹാജരാക്കാനോ വാദങ്ങളില്‍ കക്ഷി ചേരാനോ ഇന്ത്യ തയ്യാറല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയുടെ ബഗ്ലിഹാര്‍, കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകള്‍ ഹാജരാക്കാന്‍ ആര്‍ബിട്രേഷന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ പദ്ധതികളിലെ ജല സംഭരണത്തിന്റെ അളവ് പരിശോധിക്കാനായിരുന്നു കോടതിയുടെ നീക്കം. എന്നാല്‍ കോടതിയുടെ ഉത്തരവുകള്‍ക്ക് നിയമ സാധുതയില്ലാത്തതിനാല്‍ ലോഗ് ബുക്കുകള്‍ ഹാജരാക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

സാങ്കേതിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 'സ്വതന്ത്ര വിദഗ്ദ്ധനെ' നിയമിക്കുന്നതിന് പകരം പാകിസ്ഥാന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത് കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ഫെബ്രുവരി 2, 3 തിയതികളില്‍ കോടതി വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതില്‍ പങ്കെടുക്കുന്നില്ല. ഇന്ത്യയുടെ അഭാവത്തില്‍ പാകിസ്ഥാന്റെ വാദങ്ങള്‍ മാത്രം കേട്ട് നടപടികളുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ നീക്കം.

2025 ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 23 നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഉത്തരവിട്ടത്. ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ജല സഹകരണം സാധ്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദിയിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. നിലവില്‍ പാകിസ്ഥാനിലെ പ്രധാന ജല സംഭരണികളായ തര്‍ബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.