'പ്രിയ സുഹൃത്തിന് നന്ദി, ലോക സമാധാനത്തിന് ട്രംപിന്റെ നേതൃത്വം നിര്‍ണായകമാകും'; തീരുവ കുറച്ചതില്‍ നന്ദി അറിയിച്ച് നരേന്ദ്ര മോഡി

'പ്രിയ സുഹൃത്തിന് നന്ദി, ലോക സമാധാനത്തിന് ട്രംപിന്റെ നേതൃത്വം നിര്‍ണായകമാകും'; തീരുവ കുറച്ചതില്‍ നന്ദി അറിയിച്ച് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് മോഡി നന്ദി അറിയിച്ചത്.

പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചതില്‍ വലിയ സന്തോഷം. ഇന്ത്യയില്‍ നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്ക് താരിഫ് 18 ശതമാനം കുറയുമെന്നതില്‍ വലിയ സന്തോഷം. ഈ പ്രഖ്യാപനത്തിന് 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് നന്ദി പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് നമ്മുടെ ജനങ്ങള്‍ക്ക് പ്രയോജനകരമാവുകയും പരസ്പരം പ്രയോജനകരമായ സഹകരണത്തിന് വളരെയധികം അവസരങ്ങള്‍ തുറക്കുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു. ലോക സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം നിര്‍ണായകമാണ്. സമാധാനത്തിനായുള്ള അദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂര്‍ണമായി പിന്തുണയ്ക്കുന്നു. നമ്മുടെ പങ്കാളിത്തം അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി അദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോഡി എക്സില്‍ കുറിച്ചു.

അതേസമയം തീരുവ വിഷയത്തില്‍ നന്ദി പറഞ്ഞെങ്കിലും വ്യാപാരക്കരാറിനെക്കുറിച്ച് അദേഹം പരാമര്‍ശമില്ല. തീരുവ കുറച്ചതിന് പകരമായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും അത് ഉക്രെയ്ന്‍ യുദ്ധം തീര്‍ക്കുന്നതിന് സഹായകമാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടാതെ, യുഎസിന്റെ ഊര്‍ജ, സാങ്കേതിക, കാര്‍ഷിക, മേഖലയില്‍ നിന്ന് 50,000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തുന്നതിന് പകരമായി യുഎസില്‍ നിന്നും വെനസ്വേലയില്‍ നിന്നും കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങിയേക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ പൂര്‍ണമായും ഇളവുചെയ്യാനും തീരുവയിതര നിയന്ത്രണങ്ങള്‍ എടുത്തുകളയാനും ഇന്ത്യ സന്നദ്ധമായിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

മാത്രമല്ല പ്രധാനമന്ത്രി മോഡിയുമായുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത് അദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഈ വ്യാപാര ക്രമീകരണമെന്നും ട്രംപ് അവകാശപ്പെട്ടു. മോഡിയുമായി ട്രംപ് സംസാരിച്ചെന്നും കാത്തിരിക്കൂവെന്നും ഇന്ത്യയിലെ യു.എസ് സ്ഥാനപതി സെര്‍ഗിയോ ഗോര്‍ എക്സില്‍ കുറിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അതേസമയം പ്രധാനമന്ത്രി മോഡി ട്രംപിന് കീഴടങ്ങിയതായി കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ കരാര്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിധിന്‍ നബീന്‍ പറഞ്ഞു. ഓഗസ്റ്റിലാണ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയത്. 25 ശതമാനം പകരം തീരുവയ്ക്ക് പുറമേ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് യു.എസ് ചുമത്തിയ 25 ശതമാനം അധിക തീരുവയും ചേര്‍ത്ത് ആകെ 50 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.