പറക്കുന്നതിനിടെ ഫ്യൂവല്‍ സ്വിച്ചുകള്‍ തനിയെ ഓഫാകുന്നു; വിമാനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്ക് എയര്‍ ഇന്ത്യ

പറക്കുന്നതിനിടെ ഫ്യൂവല്‍ സ്വിച്ചുകള്‍ തനിയെ ഓഫാകുന്നു; വിമാനങ്ങളുടെ  സാങ്കേതിക പരിശോധനയ്ക്ക് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ദീര്‍ഘദൂര വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ പതിവായി ഉപയോഗിക്കുന്ന ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനങ്ങള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം. ഫ്യൂവല്‍ സ്വിച്ചുകള്‍ തനിയെ ഓഫാകുന്നുവെന്ന ഗുരുതര പ്രശ്‌നത്തെ തുടര്‍ന്നാണ് നടപടി.

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട ഡ്രീം ലൈനര്‍ വിമാനത്തിന് നേരിട്ടതിന് സമാനമായ തകരാറാണ് ഞായറാഴ്ച ലണ്ടനിലെ ഹീത്രുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിനുമുണ്ടായത്.

തിങ്കളാഴ്ച ബെംഗളൂരുവില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാല പൈലറ്റ് ഫ്യൂവല്‍ സ്വിച്ചിന്റെ തകരാറ് വിശദമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് 787 ഡ്രീം ലൈനര്‍ വിമാനങ്ങളിലെ സാങ്കേതിക പിഴവ് പരിശോധിക്കാന്‍ തീരുമാനമായത്.

വിമാനത്തിന്റെ രണ്ട് എന്‍ജിനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതിനാണ് ഫ്യൂവല്‍ സ്വിച്ച് ഉപയോഗിക്കുന്നത്. അഹമ്മദാബാദില്‍ ജൂണ്‍ മാസത്തിലുണ്ടായ വിമാന ദുരന്തത്തില്‍ ഫ്യൂവല്‍ സ്വിച്ച് കട്ട് ഓഫ് ചെയ്ത നിലയിലായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമായത്. അഹമ്മദാബാദില്‍ 269 പേരാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ് കൊല്ലപ്പെട്ടത്.

ബോയിങ് 787-8 വിമാനങ്ങളിലെ ഫ്യൂവല്‍ സ്വിച്ചുകളുടെ പ്രവര്‍ത്തനമാകും പരിശോധിക്കുക. ബോയിങ് 787 പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ഫോര്‍ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് മനിഷ് ഉപ്പാലാണ് ഫ്യൂവല്‍ സ്വിച്ച് പരിശോധനാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബോയിങ് വിമാനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി പരിശോധിക്കുമെന്നാണ് എന്‍ജിനിയറിങ് വിഭാഗം വിശദമാക്കുന്നത്.

സാങ്കേതിക പിഴവുകള്‍ അല്‍പം പോലും വൈകാതെ റിപ്പോര്‍ട്ട് ചെയ്യാനും എയര്‍ ഇന്ത്യ പൈലറ്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്യൂവല്‍ സ്വിച്ചിലുണ്ടായ തകരാര്‍ സംബന്ധിയായ അറിയിപ്പ് നല്‍കിയതായും എയര്‍ ഇന്ത്യ വ്യക്തമാക്കി. നിലവില്‍ ബോയിങ് 787 വിഭാഗത്തിലെ 33 വിമാനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഇതില്‍ 26 ബോയിങ് 787-8 ഉം ഏഴ് േേബായിങ് 787-9 മാണ് ഉള്‍പ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.