ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്ഐആര്‍) ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നേരിട്ട് വാദിക്കാനെത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
എസ്ഐആറില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച പെറ്റീഷന്‍ ഇന്‍ പേഴ്‌സണ്‍ ഹര്‍ജിയിലാണ് മമതയുടെ അസാധാരണ നീക്കം. അഭിഭാഷക കുപ്പായമണിഞ്ഞാണ് മമത കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി പരിസരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
എസ്‌ഐആര്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ബംഗാളില്‍ നടക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കോടതിയെ അറിയിക്കുകയാണ് മമതയുടെ ലക്ഷ്യം. എസ്‌ഐആര്‍ നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ റദ്ദാക്കണമെന്നും മമത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ നടക്കുന്നതെന്നും മമത ആരോപിക്കുന്നു.
എസ്ഐആര്‍ നടപടിക്രമങ്ങള്‍ക്കിടെ ഏകദേശം 140 പേര്‍ മരിച്ചതായും മമത ചൂണ്ടിക്കാട്ടി. മതിയായ പരിശീലനമോ വൈദഗ്ധ്യമോ ഇല്ലാത്ത 8,100 മൈക്രോ ഒബ്സര്‍വര്‍മാരെ വിന്യസിച്ചതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മമത പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
1970 ല്‍ സ്ഥാപിതമായ കൊല്‍ക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഒഫ് ലോയില്‍ നിന്നാണ് മമത നിയമപഠനം പൂര്‍ത്തിയാക്കിയത്. 2003 വരെ കോടതിയില്‍ പ്രാക്ടീസും നടത്തിയിരുന്നു. നേരിട്ട് ഹാജരാകുന്നതിന് മമതയ്ക്ക് സുപ്രീം കോടതിയുടെ സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചിരുന്നു.