സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം ജോലി; അനുകൂല നിലപാടറിയിച്ച് സര്‍വീസ് സംഘടനകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം ജോലി; അനുകൂല നിലപാടറിയിച്ച് സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി ദിവസം ആഴ്ചയില്‍ ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ച് സര്‍വീസ് സംഘടനകള്‍. പ്രവൃത്തി സമയം കൂട്ടുന്നതും അംഗീകരിച്ചു. എന്നാല്‍ പൊതു അവധിയും കാഷ്വല്‍ ലീവും ചുരുക്കാന്‍ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറി നടത്തിയ ഓണ്‍ലൈന്‍ മീറ്റിങിലാണ് സംഘടനകള്‍ അഭിപ്രായം വ്യക്തമാക്കിയത്. ജോലി സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം വേണമെന്നും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

പ്രാഥമിക ചര്‍ച്ചയും അഭിപ്രായ ശേഖരണവുമാണ് നടന്നതെന്നും സര്‍ക്കാര്‍ ആലോചിച്ച ശേഷം അവധി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമെങ്കില്‍ തുടര്‍ ചര്‍ച്ചയാകാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ശമ്പള പരിഷ്‌കരണ കമ്മിഷനും ഭരണ പരിഷ്‌കരണ കമ്മിഷനും ആഴ്ചയില്‍ അഞ്ച് ദിവസത്തെ അവധി നിര്‍ദേശം നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു.

നിലവില്‍ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോള്‍ ആഴ്ചയില്‍ ഏഴ് മണിക്കൂറിന്റെയും മാസത്തില്‍ 21 മണിക്കൂറിന്റെയും വര്‍ഷത്തില്‍ 36 ദിവസത്തെയും കുറവുണ്ടാകും.

പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കും. ഭരണച്ചെലവ് കുറയ്ക്കാം. കൂടുതല്‍ സമയം മറ്റാവശ്യങ്ങള്‍ക്ക് ലഭിക്കും. ജീവനക്കാരുടെ ഉല്‍പാദന ക്ഷമതയും കാര്യശേഷിയും കൂട്ടാം.

അധിക ജോലി ചെയ്ത് പ്രവൃത്തി ദിവസം ആറില്‍ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ പറഞ്ഞു. പ്രതിവാര പ്രവൃത്തി ദിനം അഞ്ചാക്കുന്നതിനെ ജോയിന്റ് കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ചെയര്‍മാന്‍ എസ്.സജീവ് പറഞ്ഞു.

ദിവസവുമുള്ള പ്രവൃത്തി സമയം കൂട്ടിക്കൊണ്ട് ആഴ്ചയില്‍ രണ്ട് അവധി ദിനം നല്‍കുന്നതിന്റെ കുറവ് നികത്താനാകുമെന്ന് സെക്രട്ടറിയേറ്റ് എംപ്‌ളോയീസ് അസോസിയേഷന്‍ പ്രസിഡന്റ് എം.എസ്.ഇര്‍ഷാദ് പറഞ്ഞു. പ്രവൃത്തി ദിവസം കുറയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി എന്‍.ജി.ഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.രാജേഷും പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.