ക്യൂബയ്ക്ക് ആറ് മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക; വിതരണം കത്തോലിക്കാ സഭ വഴി നേരിട്ട്

ക്യൂബയ്ക്ക് ആറ് മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക; വിതരണം കത്തോലിക്കാ സഭ വഴി നേരിട്ട്

ഹവാന : കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രകൃതിക്ഷോഭങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ക്യൂബൻ ജനതയ്ക്കായി ആറ് മില്യൺ ഡോളറിന്റെ (ഏകദേശം 50 കോടി രൂപ) മാനുഷിക സഹായം പ്രഖ്യാപിച്ച് അമേരിക്കൻ സർക്കാർ. ക്യൂബൻ ഭരണകൂടത്തിന്റെ ഇടപെടലില്ലാതെ സഹായം അർഹരായവരിലേക്ക് നേരിട്ട് എത്തുന്നുവെന്ന് ഉറപ്പാക്കാൻ കത്തോലിക്കാ സഭ വഴിയായിരിക്കും വിതരണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ക്യൂബയിലെ ദരിദ്രരായ ജനങ്ങൾക്ക് ലഭിക്കേണ്ട സഹായം ഭരണകൂടം വഴിതിരിച്ചുവിടുന്നത് തടയാനാണ് സഭയെ മധ്യസ്ഥനാക്കുന്നത്. അമേരിക്കയിലെ മിയാമിയിൽ നിന്ന് മുൻകൂട്ടി പാക്ക് ചെയ്ത അവശ്യവസ്തുക്കൾ ക്യൂബയിലെത്തിക്കും. തുടർന്ന് പ്രാദേശിക ഇടവക പ്രതിനിധികളിലൂടെ ഇത് ജനങ്ങളിലേക്ക് എത്തിക്കും. സഭയുമായി ഏകോപിപ്പിച്ച് നേരത്തെ നടത്തിയ മൂന്ന് മില്യൺ ഡോളറിന്റെ സഹായ വിതരണം വിജയകരമായിരുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള വകുപ്പ് വിലയിരുത്തി.

2025 ഒക്ടോബർ 29 ന് ക്യൂബയിൽ ആഞ്ഞടിച്ച മെലിസ ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് ഇനിയും മുക്തരാകാത്തവർക്കാണ് ഈ സഹായം ലഭ്യമാക്കുക. ദുരിതബാധിതരെ സഹായിക്കുന്നതിനായി കാരിത്താസ് ക്യൂബയ്ക്ക് ജനുവരി 14 ന് അമേരിക്കയുടെ ആദ്യഘട്ട സഹായം ലഭിച്ചിരുന്നു.

അമേരിക്കൻ മെത്രാൻ സമിതിയും കാത്തോലിക് റിലീഫ് സർവീസസും ക്യൂബൻ സഭയുടെ ജീവകാരുണ്യ വിഭാഗമായ കാരിത്താസ് ക്യൂബയും സംയുക്തമായാണ് ഈ ദൗത്യത്തിൽ പങ്കാളികളാകുന്നത്. ക്യൂബയിലേക്ക് ഭൗതിക സഹായം എത്തിക്കുന്നതിനുള്ള വിശ്വസ്തമായ മാർഗമായി സഭ നിലകൊള്ളുകയാണെന്ന് കാരിത്താസ് ക്യൂബ പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.