സുഡാനിൽ കുരുന്നുകൾക്ക് രക്ഷയില്ല; ജനുവരിയിൽ കൊല്ലപ്പെട്ടത് 20 കുട്ടികൾ: യുണിസെഫ് റിപ്പോർട്ട്

സുഡാനിൽ കുരുന്നുകൾക്ക് രക്ഷയില്ല; ജനുവരിയിൽ കൊല്ലപ്പെട്ടത് 20 കുട്ടികൾ: യുണിസെഫ് റിപ്പോർട്ട്

ഖാർത്തൂം: ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ കുട്ടികളുടെ അവസ്ഥ അതീവ ദയനീയമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫ്. കഴിഞ്ഞ ജനുവരിയിൽ മാത്രം രാജ്യത്ത് കുറഞ്ഞത് 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് കുട്ടികൾ പട്ടിണിയും രോഗവും മൂലം മരണത്തിന്റെ നിഴലിലാണെന്നും യുണിസെഫ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും പടിഞ്ഞാറൻ സുഡാനിലെ കോർഡോഫാൻ, ഡാർഫർ മേഖലകളിൽ നിന്നുള്ളവരാണ്. ഈ മേഖലകളിൽ ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയാണ്. യുദ്ധം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയാകെ തകർത്തതോടെ ദശലക്ഷക്കണക്കിന് കുട്ടികൾക്ക് സംരക്ഷണവും കൃത്യസമയത്ത് ലഭിക്കേണ്ട ചികിത്സയും അന്യമായിരിക്കുകയാണ്.

സുഡാനിലെ പല ഭാഗങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നോർത്ത് ഡാർഫറിലെ അൽ ഫാഷറിലും കോർഡോഫാനിലെ കടുഗ്ലിയിലും ഇതിനകം ക്ഷാമം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന് പുറമെ ഇരുപതോളം മറ്റ് പ്രദേശങ്ങൾ കൂടി ഏതുനിമിഷവും പട്ടിണിമരണങ്ങളിലേക്ക് വീഴാവുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടിലുണ്ട്.

അവശ്യ സേവനങ്ങൾ അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ വരും മാസങ്ങളിൽ മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. യുദ്ധം തുടങ്ങിയ ശേഷം സുഡാനിലെ കുട്ടികൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഏജൻസി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.