'യുറേനിയം സമ്പുഷ്ടീകരണം തുടരും; അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നുമില്ല': ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി ഇറാന്റെ കടുംപിടുത്തം

'യുറേനിയം സമ്പുഷ്ടീകരണം തുടരും; അമേരിക്കയുടെ സൈനിക വിന്യാസത്തെ ഭയക്കുന്നുമില്ല': ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി ഇറാന്റെ കടുംപിടുത്തം

ടെഹ്റാന്‍: അമേരിക്കയുമായി ആണവ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാടില്‍ കടുംപിടുത്തവുമായി ഇറാന്‍. ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കുകയോ അമേരിക്കയുടെ സൈനിക സമ്മര്‍ദ്ദത്തിന് വഴങ്ങുകയോ ചെയ്യില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

'മേഖലയില്‍ അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും അമേരിക്കയെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അരാഗ്ച്ചി വ്യക്തമാക്കി. ഇറാന്‍ ആണവ സമ്പുഷ്ടീകരണത്തില്‍ നിന്നും പിന്മാറുമോ എന്ന ചോദ്യത്തിന്, അത് ഇറാന്റെ പരമാധികാര കാര്യമാണെന്നും അദേഹം പറഞ്ഞു.

'ഞങ്ങളെന്തിനാണ് സമ്പുഷ്ടീകരണത്തിന് ഇത്ര നിര്‍ബന്ധം പിടിക്കുന്നത്? ഒരു യുദ്ധം ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചാലും അത് ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണ്? കാരണം ഞങ്ങളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ല' - അരഗച്ചി വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനും അമേരിക്കയും തമ്മില്‍ ആണവ വിഷയത്തില്‍ ഒമാനില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തില്‍ നിന്നും പുറത്തു വരുന്നതിനാണ് ഇറാന്‍ ആണവ നിര്‍വ്യാപന ചര്‍ച്ചയ്ക്ക് തയ്യാറായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.