മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: നിരവധി വീടുകള്‍ക്ക് തീയിട്ടു; കനത്ത ജാഗ്രത

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: നിരവധി വീടുകള്‍ക്ക് തീയിട്ടു; കനത്ത ജാഗ്രത

ഇംഫാല്‍: ബിജെപി സര്‍ക്കാര്‍ അധിക്കാരത്തിലേറി ഒരാഴ്ച്ച പിന്നിടുമ്പോള്‍ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. നീണ്ട ഇടവേളക്ക് ശേഷം കുക്കി - നാഗാ സംഘര്‍ഷം രൂക്ഷമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുക്കി എംഎല്‍എമാര്‍ പുതിയ സര്‍ക്കാറിന്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം.

ഏറ്റവും ഒടുവില്‍ ഉഖ്രുല്‍ മേഖലയിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രദേശത്ത് നിരവധി വീടുകള്‍ക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്.

അതേസമയം കുക്കി - നാഗാ വിഭാഗങ്ങള്‍ വീണ്ടും അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് സര്‍ക്കാരും സുരക്ഷാ സേനയും. കഴിഞ്ഞ ദിവസങ്ങള്‍ ചുരാചന്ദ്പൂരില്‍ പ്രതിഷേധങ്ങള്‍ വ്യാപക അക്രമത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെ കുക്കി മേഖലകളില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരുന്നു.

പുതിയ സര്‍ക്കാരില്‍ നിന്ന് ഉപമുഖ്യമന്ത്രിയടക്കമുള്ള കുക്കി അംഗങ്ങള്‍ രാജി വയ്ക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നാണ് വിവിധ സംഘടനകളുടെ ആഹ്വാനം. ഉപമുഖ്യമന്ത്രി നെംച കിപ്ജെന്‍ സ്ഥാനമേറ്റത്തില്‍ വ്യാപക എതിര്‍പ്പാണ് കുക്കി സംഘടനകള്‍ അറിയിച്ചത്. നെംച കിപ്ജെന് എതിരെ വിവിധ കുക്കി സംഘടനകള്‍ പ്രതിഷേധ പ്രകടനകള്‍ നടത്തിയിരുന്നു.

കുക്കികളുടെ പ്രത്യേക ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഈ എതിര്‍പ്പ്. ജനകീയ സര്‍ക്കാര്‍ രൂപീകരിച്ചതില്‍ കുക്കികളിലെ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. പ്രത്യേക സ്വയംഭരണ പ്രദേശം അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.

രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഈ മാസം നാലിനാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. മെയ്തേയ് വിഭാഗത്തില്‍ നിന്നുള്ള യുംനാം ഖേംചന്ദ് സിങാണ് പുതിയ മുഖ്യമന്ത്രി. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംചാ കിപ്ജെന്‍ ആണ് ഉപമുഖ്യമന്ത്രി.

നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഗോവിന്ദദാസ് ആഭ്യന്തര മന്ത്രിയായും ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നത് പുതിയ സര്‍ക്കാരിന് വെല്ലുവിളിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.